-->
ശബരിമല: മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്‌തരുടെ സുരക്ഷയ്‌ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്‌തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനുള്ള വ്യൂ പോയിന്റുകളില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കേന്ദ്രങ്ങളിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അടിയന്തിര സേവനങ്ങള്‍ക്കായി സൗകര്യങ്ങള്‍ സജ്‌ജമാക്കിയിട്ടുണ്ട്. ഡോക്‌ടര്‍മാരുടെ സേവനവും അധികമായി സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലും മറ്റ് വ്യൂ പോയിന്റുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് സജ്‌ജീകരണങ്ങള്‍ തദ്ദേശസ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കി വരുന്നു. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഭക്‌തര്‍ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എ.ഡി.എം എ.ഡി.എം അരുണ്‍ എസ്. നായര്‍ പറഞ്ഞു.
ഇന്നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് ആരംഭിക്കുന്നത്. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്ന് രാവിലെ 10 മുതല്‍ നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്‌തരെ കടത്തിവിടില്ല. പമ്പയില്‍ നിന്നും സന്നിധാനത്തേയ്‌ക്ക് രാവിലെ 11 മുതല്‍ ഭക്‌തരെ കടത്തിവിടില്ല. ഘോഷയാത്ര സമാപിച്ചതിന് ശേഷം മാത്രമേ ഭക്‌തരെ പ്രവേശിപ്പിക്കുകയുള്ളൂ.
ഹില്‍ടോപ്പില്‍ ഇന്നു രാവിലെ 8 മണി മുതല്‍ 15 ന് ഉച്ചയ്‌ക്ക് 12 മണി വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിംഗിന് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങള്‍ നിലയ്‌ക്കലില്‍ പാര്‍ക്ക് ചെയ്യണം. 13ന് വൈകുന്നേരം 6 മണിക്ക് ശേഷം കാനനപാതയില്‍ എരുമേലിയില്‍ നിന്നും ഭക്‌തരെ കടത്തിവിടില്ല. അഴുതക്കടവ് വഴി 14ന് രാവിലെ
എട്ടു മണിക്ക് ശേഷവും ഭക്‌തര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. മുക്കുഴിയില്‍ നിന്ന് 14 ന് രാവിലെ പത്ത് മണിക്കുശേഷം ഭക്‌തരെ കടത്തിവിടില്ല. പുല്ലുമേടും ഇതേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
14ന് വൈകുന്നേരം 4 മണിക്ക് ശേഷം പുല്ലുമേട് നിന്നും ഭക്‌തരെ കടത്തിവിടില്ല. അവര്‍ക്ക് പുല്ലുമേടില്‍ നിന്ന് മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്.