Thursday, March 12, 2026 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.57 AM

കളിവിളക്കണഞ്ഞു, ഇനി കാത്തിരിപ്പിന്റെ കാലം

uploads/news/2026/01/820308/1.jpg

അയിരൂര്‍: ജില്ലാ കഥകളി ക്ലബിന്റെ 19-ാമത്‌ കഥകളിമേളയില്‍ ഇന്നലെ അരങ്ങേറിയ ഉത്തരാസ്വയംവരം കഥകളിക്ക്‌ ധനാശി പാടിയതോടെ ഏഴു ദിനരാത്രങ്ങളായി നടന്ന മേളയ്‌ക്ക്‌ സമാപനമായി. ഇനി അടുത്ത കഥകളിമേളയ്‌ക്കു വേണ്ടിയുള്ള ആസ്വാദകരുടെ കാത്തിരിപ്പിന്‍റെ കാലം. സെമിനാറുകളിലും ചര്‍ച്ചകളിലും സോദാഹരണ പ്രഭാഷണ സദസ്സുകളിലുമെല്ലാം ഉണ്ടായ വലിയ സദസ്സ്‌ മേളയുടെ വിജയം വിളിച്ചോതുന്നതായിരുന്നു.
അയിരൂരില്‍ നടക്കുന്ന കഥകളിമേളയും അയിരൂര്‍ പുതിയകാവ്‌ മാനവമൈത്രി ജലോത്സവും പമ്പാ നദീതട സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും കലയും സംസ്‌ക്കാരവും നാടിന്റെ പൈതൃകമാണെന്നും കഥകളി ക്ലബ്ബും ഇതിന്റെ അവിഭാജ്യ ഘടകമാണെന്നും ആന്റോ ആന്‍റണി എം. പി. പറഞ്ഞു്‌ മേള സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളി ക്ലബ്ബ്‌ രക്ഷാധികാരി രാജു ഏബ്രഹാം അദ്ധ്യക്ഷം വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ അനീഷ്‌ വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവിക്കുഞ്ഞമ്മ, ദിലീപ്‌ അയിരൂര്‍, റ്റി. ആര്‍. രതീഷ്‌ മോഹന്‍, ഡോ. ബി. ഉദയനന്‍ എന്നിവര്‍ പ്രസംഗിച്ചു.. കഥകളി സാഹിത്യത്തിനുള്ള 2025 ലെ അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ്‌ ആട്ടക്കഥാകൃത്ത്‌ വൈക്കം പി രാജശേഖരനും, യുവകഥകളി ഗായകനുള്ള അയിരൂര്‍ സദാശിവന്‍ അവാര്‍ഡ്‌ കലാമണ്ഡലം യശ്വന്തിനും നല്‍കി ആദരിച്ചു.
കഥകളിമേളയില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലൈവ്‌ പ്രസന്റേഷന്‍ നടത്തുന്ന കെ. ദിലീപ്‌ കുമാര്‍, 2025 ലെ കലാമണ്ഡലം അവാര്‍ഡ്‌ ലഭിച്ച ചിങ്ങോലി പുരുഷോത്തമന്‍. ചിക്കാഗോ ട്രിനിറ്റി കോളേജ്‌ അഡ്‌ജന്‍റ്‌ പ്ര?ഫസര്‍ ഡോ. എതിരന്‍ കതിരവന്‍ എന്നിവരെ ആദരിച്ചു.രാവിലെ 10 ന്‌ കഥകളി ക്വിസ്‌ മത്സരവും ചിത്രരചനാ മത്സരവും മുന്‍ ക്ലബ്ബ്‌ സെക്രട്ടറി വി. ആര്‍. വിമല്‍രാജ്‌ ഉദ്‌ഘാടനം ചെയ്‌തു.
കഥകളിമേള ജനറല്‍ കണ്‍വീനര്‍ ഡോ. ബി. ഉദയനന്‍ അദ്ധ്യക്ഷം വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ പ്രീതാ ബി നായര്‍, അയിരൂര്‍ ഗ്രാമ പഞ്ചായത്തംഗം അഡ്വ. ശ്രീകല ഹരികുമാര്‍, അയിരൂര്‍ ഗ്രാമ പഞ്ചായത്തംഗം അനിതാകുറുപ്പ്‌, ഗിരീഷ്‌ ചിത്രശാല, ഗോപിക ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനില്‍ ദിവാകര്‍, എം.ആര്‍. വേണു, ഷീജാകുമാരി, അരുണ്‍കൃഷ്‌ണ എന്നിവര്‍ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കഥകളിയിലെ കഥകളില്‍ അല്‍പ്പം ദീര്‍ഘമായ ഉത്തരാസ്വയംവരത്തില്‍ ഇന്നലെ കലാമണ്ഡലം ശ്രീകുമാര്‍, മധുവാരണാസി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തുടങ്ങി മുതിര്‍ന്ന കലാകാരന്‍മാര്‍ അണിനിരന്നു. മിഴിവാര്‍ന്ന അവതരണത്തിലൂടെ ഉത്തരാസ്വയംവരം കാണികള്‍ക്ക്‌ ഹൃദ്യാനുഭവമായി.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്‌ മുപ്പതാമത്‌ വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. അനിതരസാധാരണമായ ഈ മേള ക്ലബ്ബിന്റെ പ്രവര്‍ത്തന മികവിനാല്‍ സംസ്‌ഥാനത്തിനകത്തും പുറത്തും പത്തനംതിട്ട ജില്ലയെ പ്രശസ്‌തമാക്കുന്നു. മുപ്പതാമത്‌ വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഈ മേളയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണെന്ന്‌ ക്ലബ്ബ്‌ പ്രസിഡന്‍റ്‌ പ്രസാദ്‌ കൈലാത്ത്‌, സെക്രട്ടറി ദിലീപ്‌ അയിരൂര്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 12 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW