-->
കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠത്തിലെ ശ്രീരാമഹനുമദ് ദേവസ്‌ഥാനത്ത് നടന്നു വന്ന ഭാഗവത തത്ത്വവിചാര സത്രം സമാപിച്ചു. രാവിലെ 7.30-ന് ശ്രീശങ്കരാ ഭാഗവത സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഗവത പാരായണവും നാരായണീയ പാരായണവും നടന്നു. 8.30-ന് ശ്രീങ്കരാ ആര്‍ഷ വിദ്യാപീഠം വിദ്യാര്‍ഥികളുടെ വേദ പ്രഘോഷണവും എന്‍. സോമശേഖരന്റെ ആധ്യാത്മിക ക്ലാസും നടന്നു. 9.15-ന് ശ്രീഹരി സുബ്രഹ്‌മണ്യ വാര്യര്‍ അഷ്‌ടപദി ആലപിച്ചു. 9.30-ന് സംബോധ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ഇതുവരെ ഭാഗവത തത്ത്വ വിചാര സത്രത്തില്‍ നടന്ന ഭാഗവതത്തിലെ 3 സ്‌കന്ധങ്ങളുടെ സംഗ്രഹത്തെ കുറിച്ചു പ്രഭാഷണം നടത്തി. 11-ന് സത്രാചാര്യന്‍ വെള്ളിനേഴി ഹരികൃഷ്‌ണന്‍ ഭാഗവത തത്ത്വ വിചാര സത്രം സമര്‍പ്പണം നടത്തി. 11.30 മുതല്‍ ആചാര്യ ദക്ഷിണയും, ഉപഹാര സമര്‍പ്പണവും നടന്നു. ഡോ. പി. വി. വിശ്വനാഥന്‍ നമ്പൂതിരി സത്രാവലോകനവും 2027-ലെ സത്ര വിളംബര തീയതിയും പ്രഖ്യാപിച്ചു. 2027 ജനുവരി 3 മുതല്‍ 10 വരെ ആയിരിക്കും അടുത്ത സത്രം. സി. പി. മധുസൂദനന്‍, എസ്. ശങ്കരനാരായണ അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. 12.45-ന് ധ്വജാവരോഹണം, യജ്‌ഞപ്രസാദ വിതരണം, പ്രസാദമൂട്ട് എന്നിവയും നടന്നു.