Wednesday, March 11, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.56 AM

പൂളക്കടവ്‌ ആര്‍.സി.ബി പദ്ധതി നിലച്ചു; പണി നിര്‍ത്തി കരാര്‍ കമ്പനി പിന്‍വാങ്ങി

uploads/news/2026/01/820292/1.jpg

കോഴിക്കോട്‌്: പൂനൂര്‍ പുഴക്ക്‌ കുറുകെ 30 കോടിയുടെ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മാണം ആരംഭിച്ച പൂളക്കടവ്‌ റഗുലേറ്റര്‍ കം ബ്രിഡ്‌ജ് എന്ന്‌ പൂര്‍ത്തിയാവുമെന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുന്നു. സര്‍ക്കാര്‍ അപ്രോച്ച്‌ റോഡിനുള്ള സ്‌ഥലം ഏറ്റെടുത്തു നല്‍കിയില്ലെന്ന്‌ ചൂണ്ടിക്കാണ്ടി കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി (യു.എല്‍.സി.സി) പണി പൂര്‍ത്തിയാക്കാനാവാതെ പിന്‍വാങ്ങിയ അവസ്‌ഥയാണ്‌.
നിര്‍മാണ സാമഗ്രികളെല്ലാം ഇവിടെ നിന്ന്‌ കൊണ്ടുപോയി. ലേബര്‍ ക്യാമ്പില്‍ നിന്ന്‌ തൊഴിലാളികളെ മറ്റ്‌ സൈറ്റുകളിലേക്ക്‌ മാറ്റി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ പണി നീണ്ടതിലുള്ള നഷ്‌ടം വലുതാണെന്നും 2016 ലെ നിരക്ക്‌ വെച്ച്‌ ഇനി പണി തുടരാനാവില്ലെന്ന നിലപാടിലാണ്‌ കരാര്‍ കമ്പനി. പാലം നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായെങ്കിലും ഇരുകരകളെയും ബന്ധിപ്പിക്കാനായിട്ടില്ല. ഇരു കരകളിലും ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. മൂന്ന്‌ മാസം മുമ്പ്‌ സ്‌ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രനെ നാട്ടുകാര്‍ നേരില്‍ കണ്ട്‌ ആശങ്ക അറിയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. നടപടികള്‍ വേഗത്തിലാക്കാന്‍ തിരുവനന്തപുരത്ത്‌ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിക്കുമെന്ന്‌ അന്ന്‌ മന്ത്രി നാട്ടുകാര്‍ക്ക്‌ ഉറപ്പു നല്‍കിയെങ്കിലും ഇതുവരെയും നടന്നില്ല. കോഴിക്കോട്‌ നോര്‍ത്ത്‌ നിയോജകമണ്ഡലത്തിനെയും എലത്തൂര്‍ നിയോജകമണ്ഡലത്തിനെയും ബന്ധിപ്പിക്കുന്നതാണ്‌ ഈ സുപ്രധാന പദ്ധതി. 2021-ല്‍ ജലസേചനവകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിനാണ്‌ തറക്കല്ലിട്ടത്‌. 18 മാസം കൊണ്ട്‌ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്‌ദാനം. നാല്‌ വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാനായില്ല. ഉദ്യോഗസ്‌ഥ അനാസ്‌ഥ മൂലം ഫയല്‍ നീക്കം വൈകുന്നതും റവന്യൂ വകുപ്പില്‍ സ്‌ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ഫയല്‍ തയാറാക്കിയതില്‍ വലിയ വീഴ്‌ച വന്നതും പദ്ധതി വൈകാന്‍ കാരണമായിട്ടുണ്ട്‌. ഭൂമി വിട്ടുകൊടുക്കാന്‍ പരിസരവാസികള്‍ തയാറാണ്‌. പക്ഷെ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ്‌ പ്രശ്‌നം. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (കിഡ്‌ക്) ആണ്‌ നിര്‍മാണമേല്‍നോട്ടം നടത്തുന്നത്‌.
കുരുവട്ടൂര്‍, കക്കോടി, ചേളന്നൂര്‍ പഞ്ചായത്തിലെ ഗ്രാമങ്ങളെ ഏറ്റവും എളുപ്പത്തില്‍ കോഴിക്കോട്‌ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്‌. പറമ്പില്‍ ബസാറില്‍ നിന്ന്‌ വെള്ളിമാട്‌കുന്ന്‌ -കോവൂര്‍ ബൈപാസ്‌ റോഡിലേക്കാണ്‌ പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ വന്നു ചേരുന്നത്‌. കക്കോടി, കാരപ്പറമ്പ്‌ മേഖലയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കൂടിയാവും ഈ പദ്ധതി. നിലവില്‍ പറമ്പില്‍ ബസാറില്‍ നിന്ന്‌ പൂളക്കടവ്‌ നടപ്പാലം വഴിയാണ്‌ ഇരുചക്രവാഹനങ്ങള്‍ വെള്ളിമാട്‌കുന്ന്‌ ഭാഗത്തേക്ക്‌ പോകുന്നത്‌. പഴയ നടപ്പാലം അപകടാവസ്‌ഥയിലാണ്‌. ആര്‍.സി.ബിയുടെ നിര്‍മാണം അനിശ്‌ചിതത്വത്തിലായതോടെ ജനകീയ പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ്‌ നാട്ടുകാര്‍. പറമ്പില്‍ -പൂളക്കടവ്‌ ജനകീയ സമിതി ജനുവരി 25ന്‌ പ്രതിഷേധ ബൈക്ക്‌ റാലി സംഘടിപ്പിക്കും.

Ads by Google
Advertisement
Monday 12 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW