-->
ചെങ്ങന്നൂര്‍: കാരയ്‌ക്കാട്ട് ആളില്ലാത്ത വീട് തകര്‍ത്ത് വന്‍ കവര്‍ച്ച. കാരയ്‌ക്കാട് മലയുടെ വടക്കേതില്‍ മഞ്ചേഷ് മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങള്‍ മോഷ്‌ടാക്കള്‍ വരുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്‌ച വൈകിട്ട് ആറിനും ഇന്നലെ രാവിലെ പത്തിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. മഞ്ചേഷ് മോഹനന്റെ മാതാവ് അസുഖം ബാധിച്ച് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടുകാര്‍ എല്ലാവരും ആശുപത്രിയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷ്‌ടാക്കള്‍ അകത്തുകയറിയത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്.
കിടപ്പുമുറികളിലെയും മറ്റ് മുറികളിലെയും അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. തെളിവ് നശിപ്പിക്കുന്നതിനായി സി.സി.ടിവി ക്യാമറകളുടെ കണക്ഷന്‍ വിച്‌ഛേദിക്കുകയും ഡി.വി.ആര്‍. തകര്‍ത്ത് അതിനുള്ളിലെ ഹാര്‍ഡ് ഡിസ്‌ക് മോഷ്‌ടാ ക്കള്‍ കൊണ്ടുപോവുകയും ചെയ്‌തു. ഇന്നലെ രാവിലെ 10.30 നു വീട്ടുകാര്‍ മടങ്ങിയെ ത്തിയപ്പോഴാണ് മുന്‍വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാവിവരം പുറത്തറിയുന്നത്. ഉടന്‍ ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിച്ചു.
സംഭവസ്‌ഥലത്തെത്തിയ പോലീസ് വിശദമായ പരിശോധന നടത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഒന്നിലധികംപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ മറ്റ് സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.