-->
പുല്‍പ്പള്ളി: കേരള-കര്‍ണാടക സംസ്‌കൃതികളുടെ സംഗമഭൂമിയായ കമ്പനീ തീരത്ത് 1957 ല്‍ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇപ്പോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളായി വളര്‍ന്നു വികസിച്ച പെരിക്കല്ലൂരിന്റെ അക്ഷരതിലകമായ പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 68-ാമത് വാര്‍ഷികാഘോഷവും, സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഊഷ്‌മളമായ യാത്രയയപ്പും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.ആര്‍. ജിതിന്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രശസ്‌ത എഴുത്തുകാരനും പ്രഭാഷകനുമായ ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ പി.കെ. വിനുരാജന്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എം.പി. കൊച്ചുത്രേസ്യ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജിഷാ സെബാസ്‌റ്റ്യന്‍ വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. മുന്‍ ജില്ല ഡിവിഷന്‍ മെമ്പര്‍ എ.എന്‍. സുശീല വിരമിക്കുന്ന അധ്യാപകരായ മത്തായി. പി.ടി, ജയിംസ്. ഇ.ഡി എന്നിവരെ പൊന്നാട അണിയിച്ചു. ഈ അധ്യയനവര്‍ഷം സംസ്‌ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ഹെഡ്‌മാസ്‌റ്റര്‍ ഷാജി പുല്‍പ്പള്ളി സമ്മാനങ്ങള്‍ നല്‍കി. എസ്.എം.സി ചെയര്‍മാന്‍ ഷിജു കൊച്ചുപുരയില്‍, എം.പി.ടി.എ പ്രസിഡണ്ട് രാജി അനീഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാര്‍. ജി.ജി, എസ്.എം.സി വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ റസാക്ക്, സീനിയര്‍ അധ്യാപകരായ വി.എസ്. രാമചന്ദ്രന്‍, എ.പി. ഷിനോ, സ്‌കൂള്‍ ലീഡര്‍ ആദര്‍ശ് കുമാര്‍. പി ആശംസ അര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌റ്റാഫ് സെക്രട്ടറി സെക്രട്ടറി ലിയോ ദേവസ്യ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ആരംഭിച്ച കുട്ടികളുടെ വിവിധ കലാപരിപാടികള്‍ രാത്രി 10 മണിയോടെ സമാപിച്ചു.
പാഠ്യ-പാഠ്യ തര രംഗങ്ങളില്‍ വിദ്യാലയം ഈ അധ്യായന വര്‍ഷത്തിന്റെ ഏഴു മാസങ്ങള്‍ക്കുള്ളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു എന്നതിന്റെ തെളിവായിരുന്നു സംസ്‌ഥാനതല മത്സരങ്ങളില്‍ സ്‌കൂളില്‍ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് 16 കുട്ടികള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ഷികാഘോഷ കമ്മിറ്റി ഒരുക്കിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി. സന്നിഹിതരായിരുന്ന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ സ്‌റ്റാഫ് സെക്രട്ടറി സി.വി. രതീഷ് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും വാര്‍ഷികത്തിന് മികവേകി. പി.ടി.എ, എസ്.എം.സി, എം.പി.ടി.എ, അധ്യാപക- അനധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.