Wednesday, March 11, 2026 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.45 AM

തണുപ്പ്‌ കൂടിയതിനാല്‍ കാപ്പിയുടെ ഉണക്കില്‍ അതീവശ്രദ്ധ പുലര്‍ത്തണം: കോഫി ബോര്‍ഡ്‌

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ വയനാട്ടില്‍ തണുപ്പ്‌ കൂടിയതിനാല്‍ കൂടുതല്‍ സമയം വെയിലത്തിട്ട്‌ ഉണക്കിയില്ലങ്കില്‍ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന്‌ കോഫി ബോര്‍ഡിന്റെ മുന്നറിയിപ്പ്‌.
അന്താരാഷ്ര്‌ട മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്‍ഡുള്ള വയനാടന്‍ റോബസ്‌റ്റ കാപ്പിക്കു ചുരുങ്ങിയത്‌ 12 ദിവസമെങ്കിലും വെയിലത്തിട്ട്‌ ഉണക്കല്‍ ആവശ്യമാണെന്ന്‌ കോഫി ബോര്‍ഡ്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സിമന്റ്‌ ചെയ്‌തതോ ഇന്റര്‍ലോക്ക്‌ പാകിയതോ ആയ കളങ്ങളില്‍ ഉണക്കണമെന്നും നിര്‍ദേശമുണ്ട്‌. വര്‍ഷങ്ങളുടെ മുന്നൊരുക്കം കൊണ്ട്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്താരാഷ്ര്‌ട തലത്തില്‍ വയനാടന്‍ റോബസ്‌റ്റ കാപ്പിയുടെ രുചിയും കപ്പിങ്‌ ഗുണമേന്മയും വര്‍ധിച്ചിരുന്നു. ഇത്‌ വില ഉയരാനും അന്താരാഷ്ര്‌ടതലത്തില്‍ ഡിമാന്‍ഡ്‌ വര്‍ധിക്കാനും കാരണമായിരുന്നു.
ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളെകാള്‍ ഉല്‍പാദനം കൂടുതലുണ്ട്‌. തൊഴിലാളി ക്ഷാമം ഉള്ളതിനാല്‍ നന്നായി പഴുത്ത കാപ്പിയും അതോടൊപ്പം ഉള്ള പച്ച കാപ്പിയും ഒരുമിച്ച്‌ പറിക്കുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌. ഇത്‌ ഒഴിവാക്കണമെന്ന്‌ അധികൃതര്‍ പറയുന്നു. ഒരു കാപ്പി ചെടിയില്‍ തന്നെ ഒരുമിച്ച്‌ കാപ്പിക്കുരു പഴുക്കാറില്ല. അതിനാല്‍ പഴുത്ത കാപ്പി മാത്രം ആദ്യം പറിച്ചെടുക്കുകയും രണ്ടാംഘട്ടത്തില്‍ പച്ചക്കുരു പഴുത്തതിനുശേഷം പറിച്ചെടുക്കുകയും വേണം. ഏതെങ്കിലും തരത്തില്‍ ഒരുമിച്ച്‌ പറിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉണക്കുന്നതിന്‌ മുമ്പ്‌ പച്ചക്കാപ്പി വേര്‍തിരിക്കണം. നന്നായി പഴുത്ത കാപ്പി വേര്‍തിരിച്ച്‌ 12 മുതല്‍ 15 ദിവസം വരെ നല്ല കളങ്ങളില്‍ ഇട്ട്‌ ഉണക്കണം. കാപ്പിയിലെ ജലാംശം 10 ശതമാനത്തില്‍ കൂടാതിരിക്കുമ്പോഴാണ്‌ നല്ല ഗുണനിലവാരം ലഭിക്കൂ. ഉണക്കിയ കാപ്പി സേ്‌റ്റാറില്‍ സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം.
ഉണക്ക്‌ കുറഞ്ഞാലും സൂക്ഷിക്കുന്ന സ്‌ഥലത്ത്‌ ഈര്‍പ്പം ഉണ്ടായാലും ഫംഗസ്‌ ബാധയ്‌ക്ക് സാധ്യതയുണ്ട്‌. ഇങ്ങനെ ഫംഗസ്‌ ബാധ വന്നു കഴിഞ്ഞാല്‍ രുചിയെയും കപ്പിങ്‌ ഗുണനിലവാരത്തെയും വിലയേയും സാരമായി ബാധിക്കും. ഇന്ത്യയില്‍ കാപ്പി ഉല്‍പാദനത്തില്‍ രണ്ടാം സ്‌ഥാനത്തുള്ള വയനാട്‌ കേരളത്തില്‍ ഇക്കാര്യത്തില്‍ ഒന്നാമതുമാണ്‌. 70,000 ത്തോളം കര്‍ഷകര്‍ വയനാട്ടില്‍ കാപ്പി കൃഷിയില്‍ നിന്നുള്ള വരുമാനത്തിലാണ്‌ ജീവിക്കുന്നത്‌. ആഗോള വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ കര്‍ഷകരെ സാരമായി ബാധിക്കും. അതിനാല്‍ പ്രത്യേകമായി ഇപ്പോഴത്തെ തണുത്ത കാലാവസ്‌ഥയില്‍ വിളവെടുപ്പ്‌ കാലത്ത്‌ മുന്‍വര്‍ഷങ്ങളെക്കാള്‍ ശ്രദ്ധ വേണമെന്ന്‌ കോഫി ബോര്‍ഡ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ഡോക്‌ടര്‍ എം. കറുത്തമണി പറഞ്ഞു. വിളവെടുപ്പ്‌ കാലത്ത്‌ ഒരു മാസത്തെ ശ്രദ്ധക്കുറവ്‌ ഒരു വര്‍ഷത്തേക്കുള്ള വിപണിയെയാണ്‌ സാരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 11 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW