-->
അയിരൂര്‍: ഒരാഴ്‌ചയായി പമ്പാ മണല്‍പ്പുറത്ത് തെളിഞ്ഞുകത്തിയിരുന്ന ആട്ടവിളക്ക് ഇന്ന് അണയും. ഈ വര്‍ഷത്തെ കഥകളിമേള ഇന്ന് വൈകിട്ട് ഉത്തരാസ്വയംവരം കഥകളിയോടെ സമാപിക്കും.
കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളില്‍ നിന്നെത്തിയ ആസ്വാദകര്‍ക്ക് മികച്ച ഒരു കലാവിരുന്നായി കഥകളിമേള മാറി. കലാമണ്ഡലം വേണുമോഹന്‍, കലാമണ്ഡലം രവി ശങ്കര്‍, കലാമണ്ഡലം ശ്രീഹരി എന്നീ യുവാക്കളായ ചെണ്ട കലാകാരന്‍മാരുടെ മേളമായിരുന്നു മേളയുടെ ആകര്‍ഷണീയത. കഥകളിയെക്കുറിച്ചുള്ള നൂതന വിചാരങ്ങള്‍കൊണ്ട് സമ്പുഷ്‌ടമായ ത്രിദിന അന്താരാഷ്ര്‌ട സെമിനാര്‍ ഈ വര്‍ഷത്തെ കഥകളിമേളയ്‌ക്ക് വൈജ്‌ഞാനികമായ ഒരു മുഖം കൂടി നല്‍കി.
ശാസ്‌ത്രജ്‌ഞനും കലാനിരൂപകനുമായ എതിരന്‍ കതിരവന്‍റെ ആദ്യന്തമുള്ള സെമിനാര്‍ സാന്നിദ്ധ്യവും ഇടപെടലും സെമിനാറിനെ ശ്രദ്ധേയമാക്കി. പത്തനംതിട്ട ജില്ലയില പ്രമുഖങ്ങളായ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യവും എടുത്തുപറയേണ്ടതാണ്.
പകല്‍ നടന്ന കഥകളി പഠനക്കളരിയില്‍ ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാമത്സരങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു.
രാവിലെ 11 ന് വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. കെ. രാമചന്ദ്രന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് എം. അയ്യപ്പന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. അമ്പിളി പ്രഭാകരന്‍ നായര്‍, അനുരാധാ ശ്രീജിത്ത്, ജെറി മാത്യു സാം, എം. ആര്‍. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് 5 മണിക്ക് നാട്യഭാരതി കഥകളിസെന്റര്‍ വിദ്യാര്‍ത്ഥികളുടെ നൃത്ത അരങ്ങേറ്റം നടന്നു. അനാമിക പി. എം, അവന്തിക അരുണ്‍, ദേവനന്ദ ജെ നായര്‍, ധ്വനി. എസ,് വേദിക നായര്‍, ദയകൃഷ്‌ണ, രേഷ്‌മ അരുണ്‍, ദൃശ്യ. പി എന്നീ വിദ്യാര്‍ത്ഥിനികളാണ് ശാലു എസ് നായരുടെ ശിക്ഷണത്തില്‍ ഭരതനാട്യത്തില്‍ അരങ്ങേറിയത്. വൈകിട്ട് കളിയരങ്ങില്‍ കംസവധം കഥകളി അരങ്ങേറി. അജയകുമാര്‍ വല്യൂഴത്തില്‍ ആട്ടവിളക്ക് തെളിച്ചു.
ആസ്വാദനക്കളരിയില്‍ ഇന്ന്
രാവിലെ 10.30 ന് കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടക്കും. വൈകിട്ട് 5.30 ന് കഥകളിമേളയുടെ സമാപന സമ്മേളനം ആന്‍റോ ആന്റണി എം. പി ഉദ്‌ഘാടനം ചെയ്യും. ക്ലബ്ബ് രക്ഷാധികാരി രാജു ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. കഥകളി സാഹിത്യത്തിനുള്ള അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് വൈക്കം പി രാജശേഖരനും യുവകഥകളി ഗായകര്‍ക്കുള്ള അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് കലാമണ്ഡലം യശ്വന്തിനും നല്‍കി ആദരിക്കും. വൈകിട്ട് 6.30 ന് ഉത്തരാസ്വയംവരം കഥകളി അരങ്ങേറും.
കളിയരങ്ങില്‍ ഇന്ന്
ഉത്തരാസ്വയംവരം
ഇരയിമ്മന്‍ തമ്പി രചിച്ച പ്രശസ്‌തമായ ഉത്തരാസ്വയംവരം കഥയാണ് ഇന്ന് കളിയരങ്ങില്‍. പാണ്ഡവരുടെ അജ്‌ഞാതവാസക്കാലമാണ് പശ്‌ചാത്തലം. വിരാടരാജധാനിയില്‍ പാണ്ഡവരുണ്ടെന്നറിഞ്ഞ് ദുര്യോധനന്‍ അവരുടെ അജ്‌ഞാതവാസം മുടക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതും ത്രിഗര്‍ത്തന്റെ ഗോഗ്രഹണവും ഉത്തരന്‍റെ വീമ്പുപറച്ചിലും മറ്റും അടങ്ങിയ രംഗങ്ങള്‍ ഉത്തരാസ്വയംവരത്തെ മികച്ച ഒരു കഥയാക്കി മാറ്റുന്നു.
കലാമണ്ഡലം ഹരിനാരായണനാണ് ബൃഹന്ദളയായി രംഗത്തെത്തുന്നത്. കലാമണ്ഡലം അനില്‍ സൈരന്ധ്രിയായി വേഷമിടുന്നു. കലാമണ്ഡലം കാശിനാഥാണ് വലലന്‍. ഉത്തരനായി കലാമണ്ഡലം ആദിത്യന്‍. ത്രിഗര്‍ത്തന്‍ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍. ദുര്യോധന വേഷത്തില്‍ കലാമണ്ഡലം ശ്രീകുമാറെത്തുന്നു. കലാനിലയം ഉദയന്‍ നമ്പൂതിരിയാണ് ചെണ്ട. പാട്ട് പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും. ഏകലോചനം എന്ന ആട്ടം, വീരവിരാട എന്ന പ്രസിദ്ധമായ കുമ്മി തുടങ്ങി നിരവധി സവിശേഷമായ ആട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തരാസ്വയംവരം കഥകളിയുടെ അവതരണം.