-->
കോഴഞ്ചേരി: ജി.എസ്.ടി ഉദ്യോഗസ്‌ഥര്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം പോലീസ് പിടിയിലായി. ജി.എസ്.ടി വകുപ്പ് റെയ്‌ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്‌ഥാപനങ്ങളില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്‌തു നല്‍കാമെന്നും പറഞ്ഞു കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്ന സംഘത്തെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ നിന്നും അടൂര്‍ എറത്ത് മണക്കാല ബെന്‍ ഏഥനില്‍ താമസിക്കുന്ന ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ ഇമ്മാനുവല്‍ (42), തിരുവനന്തപുരം കവടിയാര്‍ ഡേവിസ് കോട്ടേജില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. ജി.എസ്.ടി വകുപ്പില്‍ നിന്നും റെയ്‌ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്‌ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്‌ഥാപനങ്ങളില്‍ യാദൃശ്‌ചികമായി എത്തുന്നതുപോലെ അഭിനയിച്ചാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥനാണ് താനെന്നും ജി.എസ്.ടി, ഇ.ഡി, ഇന്‍കം ടാക്‌സ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സഹായിക്കാന്‍ സാധിക്കുമെന്നും പറഞ്ഞ് വിശ്വാസം നേടുന്ന ബിജോ മാത്യു തുടര്‍ന്ന് അടുത്ത ആളെ ഇറക്കും. ഇങ്ങനെ ജി .എസ് .ടി ഇന്റലിജന്‍സിന്റെ ചാര്‍ജുള്ള ഐ.എ.എസ് ഉദ്യോഗസ്‌ഥനായീ ഇമ്മാനുവലിനെ രണ്ടാംഘട്ടത്തില്‍ എത്തിക്കും. പിന്നാലെ ജി.എസ്.ടി കമ്മിഷണറായി ഡെന്നിസ് ജേക്കബിനേയും അവതരിപ്പിക്കും. തുടര്‍ന്ന് സ്‌ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയില്‍ എത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്‌ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ഉടമയ്‌ക്ക് സംശയം തോന്നി വകുപ്പിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തെപ്പറ്റി വെളിവാകുന്നത്. ഉന്നത ഉദ്യോഗസ്‌ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്.
ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും, മറ്റൊരു ബേക്കറി-ക്വാറി ഉടമയില്‍ നിന്ന് അഞ്ചുലക്ഷവും ഫര്‍ണീച്ചര്‍ കട ഉടമയില്‍നിന്ന് ഏഴു ലക്ഷവും കഞ്ഞങ്ങാടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇനിയും സംസ്‌ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ ഈ സംഘം കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2018 ല്‍ ആള്‍ മാറാട്ടം നടത്തി പണം തട്ടാല്‍ ശ്രമിച്ചതിനു ആറന്മുള പോലിസ് സ്‌റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലിസ് സ്‌റ്റേഷനിലും ബിജോ മാത്യുവിനെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്‌പെക്‌ടര്‍ അരുണ്‍കുമാര്‍, കെ. ആര്‍, അസി. സബ് ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ റോബി ഐസക് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.