-->
മുണ്ടക്കയം: 2021 ലെ പ്രളയത്തില്‍ തകര്‍ന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ വെള്ളനാടി-വള്ളക്കടവ് പാലം എം.എല്‍.എ ആസ്‌തി വികസന ഫണ്ടില്‍നിന്നും 1.40 കോടി രൂപ അനുവദിച്ച് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്‌ഘാടനം അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ രേഖാ ദാസ് അധ്യക്ഷത വഹിച്ചു. ഹാരിസണ്‍ മലയാളം എസേ്‌റ്ററ്റ് മാനേജര്‍ മനോജ്, പൊതുപ്രവര്‍ത്തകരായ പി.കെ പ്രദീപ്, മോളി ദേവസ്യ, സി. വി അനില്‍കുമാര്‍, കെ. എന്‍ സോമരാജന്‍,രജീന്ദ്രന്‍, ബിനോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലം പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്‌തിരുന്നത്. എം.എല്‍.എ ആസ്‌തി വികസന ഫണ്ടിലെ തുക ഉപയോഗിച്ച് ഭാഗികമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന് നിയമപരമായ തടസ്സമുണ്ടായിരുന്നതിനാല്‍ അത് പരിഹരിക്കുന്നതിന് ഗവണ്‍മെന്റില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും എംഎല്‍എ അറിയിച്ചു.
ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാലം തുറന്നു കൊടുക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ഈ പാലം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ 2021 ലെ പ്രളയത്തില്‍ തകര്‍ന്ന നിയോജകമണ്ഡലത്തിലെ എല്ലാ പ്രധാന പാലങ്ങളും പുനര്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഏന്തയാര്‍ മുക്കുളം പാലവും, ഇളംകാട് ടൗണ്‍ പാലവും ഈ മാസം തന്നെ ഉദ്‌ഘാടനം ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു.