-->
കോട്ടയം: കഴിഞ്ഞ വര്‍ഷം നായ്‌ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 7,451 പേര്‍. പതുവര്‍ഷത്തിലും തെരുവുനായ ആക്രമണം തുടരുകയാണ്. പുതുവര്‍ഷത്തില്‍ 130ലധികം പേര്‍ക്കാണു തെരുവുനായയുടെ കടിയേറ്റതെന്നാണു കണക്കുകള്‍. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെയാണു തെരുവുനായയുടെ കടിയേല്‍ക്കേണ്ടി വരുന്നത്. രാത്രി കാലങ്ങളില്‍ കൂട്ടത്തോടെ എത്തുന്ന നായ്‌ക്കളെയാണു കോട്ടയം നഗരം ഉള്‍പ്പെടെ കാണാനാകുന്നത്. റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം ഇവയുടെ വിഹാര കേന്ദ്രമായി മാറി.
എ.ബി.സി യൂണിറ്റുകള്‍ അടച്ചുപൂട്ടപ്പെട്ടതും തെരുവുനായ്‌ക്കളുടെ എണ്ണം വര്‍ധിപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ വളര്‍ത്തിയിരുന്ന ആക്രമണ സ്വഭാവമുള്ള ബ്രീഡുകളിലുള്ള നായ്‌ക്കളെ എന്തെങ്കിലും രോഗങ്ങള്‍ പിടിപെടുമ്പോള്‍ തെരുവില്‍ തള്ളുന്ന രീതി വര്‍ധിച്ചതോടെ അവയില്‍ നിന്നു സങ്കര സ്വഭാവമുള്ള തെരുവു നായ്‌ക്കള്‍ ധാരാളമായി ഉണ്ടാകുന്നുണ്ട്. ഇവയ്‌ക്കു ആക്രമണ സ്വഭാവം ഉണ്ടാകാനുള്ള സാധ്യതയേറയാണ്.
ഇതിനു പുറമേ വാഹനങ്ങള്‍ക്കു പിന്നാലെ നായ്‌ക്കള്‍ കൂട്ടത്തോടെ ഓടിയെത്തുന്നതു കണ്ടു ഭയന്നു പരുക്കേറ്റവരും നിരവധി. പദ്ധതികള്‍ വിജയം കാണുന്നില്ലെന്നു തെളിയിക്കുന്ന നിലക്കാണു കാര്യങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി തെരുവു നായ്‌ക്കളുടെ സ്വഭാവത്തില്‍ സാരമായ മാറ്റമുണ്ടാകുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
നായ്‌ക്കളില്‍ ജനിതകമാറ്റം സംഭവിക്കുകയോ കുറുനരികളുടെയും നായ്‌ക്കളുടെയോ സങ്കരവര്‍ഗങ്ങളുണ്ടാകുന്നോ എന്നീ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്ന നിലയിലാണു കാര്യങ്ങള്‍. രക്‌തം കലര്‍ന്ന ഇറച്ചി കഴിച്ചുതുടങ്ങിയതും നായ്‌ക്കളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നതാണ് ഇത്തരം സാഹചര്യമുണ്ടാക്കുന്നതെന്നാണു വിലയിരുത്തല്‍. ഇത്തരത്തില്‍ ഇറച്ചിമാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്‌ഥലങ്ങളില്‍ നായ്‌ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മതിയായ ഇഷ്‌ടഭക്ഷണങ്ങള്‍ ലഭ്യമാക്കാത്തതും തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നതും തെരുവുനായ്‌ക്കളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നെന്നാണ് ഈ മേഖലയിലുള്ളവരുടെ കണ്ടെത്തല്‍.
പുതിയ ഭരണസമിതികള്‍
പരിഹാരം
കാണുമോ?
കോട്ടയം: തദ്ദേശ സ്‌ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നു. തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണുമോ? ജനങ്ങള്‍ക്കു പ്രതീക്ഷയേറെയാണ്. നഗര -ഗ്രാമ വ്യത്യാസമില്ലാതെയാണ് തെരുവുനായ പ്രശ്‌നം ജനങ്ങളെ നേരിട്ടു ബാധിക്കുന്നത്. പുറത്തേക്കിറങ്ങിയാല്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ കടിയേല്‍ക്കുന്നുണ്ട്.
തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റുന്നതു സംബന്ധിച്ച് ഒരു നടപടിയും തദ്ദേശ സ്‌ഥാപനങ്ങള്‍ സ്വീകരിച്ചിട്ടില്ല. കോട്ടയം നഗരത്തില്‍ കുറഞ്ഞത് 15,000 തെരുവുനായകള്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. അതേസമയം, തെരുവാനയകളെ ഷെല്‍ട്ടറുകളിലേക്കു നീക്കുന്നതു വെല്ലുവിളിയാണ്. പല തദ്ദേശ സ്‌ഥാപനങ്ങള്‍ക്കും ഇപ്പോഴും എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പോലും സ്‌ഥാപിച്ചിട്ടില്ല. തുടങ്ങിയവ പൂട്ടിപ്പോവുകയും ചെയ്‌തിരുന്നു. തെരുവുനായ കടിയേറ്റവര്‍ക്കു നഷ്‌ടപരിഹാരം ലഭ്യമാക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്‌തമാണ്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയാണു പരിഗണിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ 45 പരാതികളാണു കിട്ടിയത്. അതില്‍ 9 എണ്ണത്തില്‍ തീരുമാനം ആയി. 3,29,600 രൂപ പിഴയായി വിധിച്ചു. അതത് ഇടങ്ങളിലെ തദ്ദേശ സ്‌ഥാപനങ്ങളാണ് ഈ തുക നല്‍കേണ്ടത്. 10 കേസുകള്‍ ഹിയറിങ്ങിനു വിളിച്ചെങ്കിലും പരാതിക്കാര്‍ എത്താത്തതിനാല്‍ തള്ളുകയും ചെയ്‌തിരുന്നു.
വളര്‍ത്തുമൃഗങ്ങളെ
തെരുവില്‍
വിടുന്നെന്ന് ഉദ്യോഗസ്‌ഥര്‍
കോട്ടയം: വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ വിടുന്ന പ്രവണത ഇപ്പോള്‍ സജീവമാണെന്നും തെരുവുനായ പ്രശ്‌നത്തെ ജില്ലയില്‍ രൂക്ഷമാക്കിയതിന്റെ കാരണങ്ങളിലൊന്ന് അതാണെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്. കോടിമതയിലെ എബിസി സെന്ററില്‍ 2745 തെരുവുനായ്‌ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്.
കോട്ടയം നഗരസഭയിലെ ഓരോ വാര്‍ഡുകളിലും സൂക്ഷ്‌മ പരിശോധന നടത്തി നായ്‌ക്കളെ കണ്ടെത്തിയായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ നഗരത്തില്‍ ഇപ്പോള്‍ കാണുന്നതിലൊന്നും ഈ നായ്‌ക്കളില്ല. തിരിച്ചറിയാന്‍ എളുപ്പത്തില്‍ ചെവിയില്‍ ചെറിയ മുറിപ്പാട് ഉണ്ടാക്കിയാണു നായ്‌ക്കളെ അവയുണ്ടായിരുന്ന ഇടങ്ങളില്‍ തിരികെ വിട്ടത്. എന്നാല്‍, ആ ഇടങ്ങളിലെല്ലാം ഇപ്പോഴുള്ളതു മുറിപ്പാട് ഇല്ലാത്ത, വളര്‍ത്തുന്ന തരം നായ്‌ക്കളും അവയുടെ ക്രോസ് ബ്രീഡ് ഇനങ്ങളുമാണെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.