-->
കോട്ടയം: തിരുനക്കര ബസ് സ്‌റ്റാന്‍ഡിനു ശാപമോക്ഷം കിട്ടുമോ? നഗരസഭയില്‍ പുതിയ ഭരണസമിതി വന്നതോടെ നഗരസഭയുടെ മൂക്കിനു കീഴെ സ്‌ഥിതി ചെയ്യുന്ന സ്‌റ്റാന്‍ഡിന്റെ ശോച്യാവസ്‌ഥയ്‌ക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാര്‍. ബസ് സ്‌റ്റാന്‍ഡ് കെട്ടിടം പൊളിച്ചശേഷം ഒരു വര്‍ഷം മുന്‍പാണു തുറന്നുകൊടുത്തത്.
സ്‌റ്റാന്‍ഡില്‍ പുതിയ കെട്ടിടവും വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള നീക്കവും വാഗ്‌ദാനമായി തുടരുകയാണു ചെയ്‌തത്. പുതിയ ബസ് സ്‌റ്റാന്‍ഡ് കെട്ടിടം പദ്ധതിയും എങ്ങുമെത്തിയില്ല. ഇന്നു സ്‌റ്റാന്‍ഡിലേക്കു കയറാന്‍ ബസുകള്‍ക്കു ഭയമാണ്. എപ്പോഴാണു തറ തകര്‍ന്നു പുറത്തേക്കു തള്ളി നില്‍ക്കുന്ന കമ്പി കുത്തി ടയര്‍ കീറുകയെന്നു പറയാന്‍ സാധിക്കില്ല. ഇതിനോടകം പല ബസുകളുടെയും ടയറുകള്‍ ഇത്തരത്തില്‍ നാശം വന്നിരുന്നു.
കോണ്‍ക്രീറ്റ് തറ തകര്‍ന്നു തരിപ്പണമായതുകാരണം യാത്രക്കാരും തട്ടി വീഴുന്നതു പതിവാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്‌ത്രീകള്‍, വിവിധ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിങ്ങനെ നൂറു കണക്കിനാളുകള്‍ വന്നു പോകുന്ന കോട്ടയം നഗരത്തിലെ പ്രധാന ബസ് സ്‌റ്റാന്‍ഡുകളിലൊന്നാണു തിരുനക്കര. ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള ബസുകള്‍ കയറിയിറങ്ങുന്ന സ്‌റ്റാന്‍ഡാണിത്. വാടക ഇനത്തില്‍ ലക്ഷങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും ബസ് സ്‌റ്റാന്‍ഡിലെ കുഴികള്‍ അടയ്‌ക്കുവാന്‍ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ നഗരസഭയ്‌ക്കു നാളിതുവരെ സാധിച്ചിട്ടില്ല. മഴക്കാലത്തു ചെളിക്കുളം, വെയിലായാല്‍ പൊടിശല്യവും കാരണം യാത്രക്കാര്‍ ദുരിതത്തിലാണ്.