-->
തൊടുപുഴ: നാട്ടുകാരില്‍ ഭീതി പടര്‍ത്തി ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ സംഹാര താണ്ഡവം. മൂന്ന് പേര്‍ക്ക് പരുക്ക്. ഉടുമ്പന്നൂര്‍, മഞ്ചിക്കല്ല്, ഇടമറുക്, കൊക്കരണി, ചീനിക്കുഴി ഭാഗങ്ങളിലാണ് ജനങ്ങളില്‍ ഭീതിപരത്തി കാട്ടുപോത്ത് പരക്കംപാച്ചില്‍ തുടരുന്നത്. ഇന്നലെ പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് പോയ രണ്ടു പേര്‍ക്കുനേരേയാണ് കാട്ടുപോത്തിന്റെ ആക്രമണം ആദ്യം ഉണ്ടായത്. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (63), പുരയിടത്തില്‍ സാബു ( 62) എന്നിവര്‍ക്ക് നേരെയാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്.
കൈയുടെ എല്ല് പൊട്ടിയ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിന് കൈയ്‌ക്ക് പരുക്കേറ്റങ്കിലും സാരമുള്ളതല്ല. ഇന്നലെ പുലര്‍ച്ചെ 3.30 നു മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലാണ് കാട്ടുപോത്ത് എത്തിയത്. വീട്ടില്‍നിന്നു രാവിലെ റബര്‍ ടാപ്പിംഗിനായി പതിവു പോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡിന് മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍ കൊമ്പുകൊണ്ട് കൈയ്‌ക്കു തട്ടി ചെറുതായി പരുക്കേറ്റെങ്കിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ട് പോകുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ നിലയില്‍ മുരളി റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡും വേളൂര്‍, പെരിങ്ങാശേരി സെക്ഷന്‍ ഉദ്യോഗസ്‌ഥരും കരിമണ്ണൂര്‍ പോലീസും ദുരന്തനിവാരണ സേനയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്ത് കാണാമറയത്തു തന്നെയായിരുന്നു.
ഉച്ചയ്‌ക്കുശേഷം പെരിങ്ങാശേരി സെക്ഷന്‍ ഉദ്യോഗസ്‌ഥര്‍ നടത്തിയ തെരച്ചിലില്‍ ചീനിക്കുഴി ഭാഗത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തി. ജനവാസമേഖലയായതിനാല്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ഒരാള്‍ക്കു കൂടി പരുക്കേറ്റു. ചീനിക്കുഴി ഒലിവിരിപ്പ് കൊച്ചുകുന്നേല്‍ അജയ് (40) ക്കാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കാട്ടുപോത്ത് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവിടെ പൈനാപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാട്ടുപോത്തിനെ കണ്ട് റബര്‍മരത്തിനു പിന്നിലൊളിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പുകൊണ്ട് തോളിനു പരുക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇറങ്ങിയിട്ടുള്ള കാട്ടുപോത്ത് ഉടുമ്പന്നൂര്‍ ടൗണിനടുത്തുള്ള പ്രദേശമായ കൊക്കരണി എന്ന ഭാഗത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പോലീസ്, ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍, ആര്‍.ആര്‍.ടി ഉദ്യോഗസ്‌ഥര്‍. പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പ്രദേശത്ത് ഉണ്ട്. നിലവില്‍ വെടിവയ്‌ക്കാന്‍ ഉള്ള ഉത്തരവ് ലഭ്യമായിട്ടില്ലാത്തതിനാല്‍ ജനങ്ങളെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിച്ചുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് പ്രദേശങ്ങളിലൂടെ നടത്തുന്നുണ്ട്.
ഒരു സ്‌ഥലത്തും നില ഉറപ്പിക്കാതെ ജനവാസ മേഖലകളിലൂടെ ഓടുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.