Sunday, March 15, 2026 Last Updated 42 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.41 AM

പീരുമേട്ടില്‍ ഭൂ പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ചയാകും

പീരുമേട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്‌ മണ്ഡലത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. പരുന്തുംപാറ കൈയേറ്റം അടക്കമുള്ള വിഷയങ്ങള്‍ മണ്ഡലത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്‌. പട്ടയ ഉടമകളെ പോലും കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന സമീപനം അടക്കം മുമ്പ്‌ ഉണ്ടായിരുന്നത്‌ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ കാരണമായിരുന്നു. റവന്യൂ വകുപ്പ്‌ സി.പി.ഐയുടെ കൈവശമായിരുന്നിട്ടും സി.പി.ഐയ്‌ക്ക് എം.എല്‍.എയുള്ള മണ്ഡലത്തില്‍ ഭൂ പ്രശ്‌നം രൂക്ഷമായിരുന്നു.
അനാവശ്യമായ റവന്യൂ വകുപ്പിന്റെ ഇടപെടലുകളും പട്ടയ ഉടമകളെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതും വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വരെ കാരണമായിരുന്നു. കാലാകാലങ്ങളില്‍ മാറിമാറി വന്ന ഉദ്യോഗസ്‌ഥര്‍ വരുത്തിയ പിഴവുകള്‍ക്ക്‌ ജനങ്ങള്‍ ഇപ്പോള്‍ റവന്യൂ ഓഫീസ്‌ കയറിയിറങ്ങേണ്ട സ്‌ഥിതിയാണ്‌. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌.
ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്‌, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ്‌ പീരുമേട്‌ നിയമസഭാ മണ്ഡലം. 1982 മുതല്‍ മൂന്നു തവണ കോണ്‍ഗ്രസിന്റെ കെ.കെ. തോമസ്‌ ആയിരുന്നു മണ്ഡലത്തില്‍നിന്നു വിജയിച്ചു വന്നത്‌. 1982- 9029, 1987-4469, 1991- 5041 എന്നിങ്ങനെയായിരുന്നു കെ.കെ. തോമസിന്റെ ഭൂരിപക്ഷം.
1996ല്‍ സി.പി.ഐയിലെ സി.എ കുര്യന്‍ 4790 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പീരുമേട്‌ മണ്ഡലം ഇടതുപക്ഷ പാളയത്തിലെത്തിച്ചു. 2001ല്‍ 3054 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ഇ.എം അഗസ്‌തി പീരുമേട്‌ തിരിച്ചു പിടിച്ചു. തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇ.എസ്‌. ബിജിമോള്‍ തുടര്‍ച്ചയായി മൂന്ന്‌ വട്ടം വിജയിച്ചു.
2006 ല്‍ 5304 വോട്ടിന്റെയും 2011 ല്‍ 4777 വോട്ടിന്റെയും 2016 ല്‍ 314 വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു ബിജിമോളുടെ വിജയം. മൂന്നു തവണ കഴിഞ്ഞതിനാല്‍ 2021ല്‍ സി.പി.ഐ നേതാവ്‌ വാഴൂര്‍ സോമനാണ്‌ മത്സരിച്ചത്‌.
കോണ്‍ഗ്രസിലെ അഡ്വ. സിറിയക്‌ തോമസ്‌ ആയിരുന്നു എതിരാളി. 1835 വോട്ടുകള്‍ക്കാണ്‌ വാഴൂര്‍ സോമന്‍ സി.പി.ഐയുടെ മണ്ഡലം നിലനിര്‍ത്തിയത്‌. 2025 ഓഗസ്‌റ്റ് 21 ന്‌ വാഴൂര്‍ സോമന്‍ അന്തരിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW