-->
ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ മഞ്ചിക്കല്ലില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാട്ടുപോത്ത് ആക്രമണത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ വനം- പോലീസ് - പഞ്ചായത്ത് - റവന്യൂ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റി അംഗവും പ്രദേശവാസിയുമായ എം. ലതീഷ് ആവശ്യപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത് പരിശോധന നടത്തിയെങ്കിലും ആക്രമിച്ച കാട്ടുപാത്തിനെ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനവാസ മേഖലകളിലൂടെ പോത്ത് പരക്കംപാച്ചില്‍ നടത്തുകയാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് അര്‍ധരാത്രിയിലും പുലര്‍ച്ചയും റബര്‍ ടാപ്പിങ് നടത്തിയാണ് പല കുടുംബങ്ങളും ജീവിക്കുന്നത്. ഭയം മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ഈ തൊഴില്‍ മുടങ്ങി പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കാല്‍പ്പാടുകള്‍ പരിശോധിച്ചതിനുശേഷം ആക്രമിച്ചത് നാട്ടിലുള്ള പോത്താണെന്ന് ചില വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ പ്രതികരിച്ചത് നാട്ടുകാര്‍ക്കിടയില്‍ ശക്‌തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയുക്‌ത പരിശോധനയിലൂടെ പോത്തിനെ കണ്ടെത്തി ജനവാസമേഖലയില്‍നിന്ന് മാറ്റാന്‍ അടിയന്തിര നടപടി ഉണ്ടാവണം. ആദ്യമായാണ് ഈ പ്രദേശത്ത് ജനങ്ങള്‍ക്കു നേരേ വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. തലനാരിഴക്കാണ് മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടത്.ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് വനം വകുപ്പ് സൗജന്യ ചികിത്സ ഉറപ്പ് വരുത്തണം. ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കണമെന്ന് എം. ലതീഷ് ആവശ്യപ്പെട്ടു.