-->
കാലടി: നിറഞ്ഞ മനസോടെയും തെളിഞ്ഞ വിശ്വാസത്തോടെയുമാണ് തിരുവൈരാണിക്കുളം നടതുറപ്പുത്സവത്തില്‍ പങ്കെടുത്ത ഓരോ ഭക്‌തനും മടങ്ങുന്നത്. ഒരുവര്‍ഷത്തെ കാത്തിരിപ്പിന്റെ വീര്‍പ്പുമുട്ടല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് അവസാനിക്കുന്ന സുഗമ ദര്‍ശനമാണ് ഇവിടെ ഭക്‌തര്‍ക്ക് ലഭിക്കുന്നത്. ദേവീദര്‍ശനത്തോടൊപ്പം ചേര്‍ത്തുവച്ച അര്‍ച്ചനകളും വഴിപാടുകളും അനായാസം പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്‌തരുടെ ദുഃഖങ്ങള്‍ നേരിട്ട് കേള്‍ക്കുകയും നല്ലവാക്കുകള്‍ കൊണ്ട് മനസിനെ സാന്ത്വനപ്പെടുത്തുകയും ചെയ്യുന്ന അമ്മ സാന്നിധ്യം തിരുവൈരാണിക്കുളത്തെ മാത്രം പ്രത്യേകതയാണ്. നടതുറപ്പു നാളുകളില്‍ നാലമ്പലത്തിലെ പാട്ടുപുരയില്‍ ദേവിക്കു കൂട്ടിരിക്കുന്ന ബ്രാഹ്‌മണിയാണ് ബ്രാഹ്‌മണിപ്പാട്ടിലുടെയും ഉപദേശങ്ങളിലൂടെയും ഭക്‌തര്‍ക്ക് ആശ്വാസമേകുന്നത്. ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായ പുഷ്‌പിണി സങ്കല്‍പ്പമാണ് ബ്രാഹ്‌മണിഅമ്മ. ഉമാമഹേശ്വര പരിണയകാലത്തെ കൗമാര പ്രായത്തിലുള്ള ശ്രീപാര്‍വ്വതീദേതിയാണ് തിരുവൈരാണിക്കുളത്തെ പ്രതിഷ്‌ഠ. പാട്ടും കഥകളും ഇഷ്‌ടപ്പെടുന്ന കുമാരിയായ ദേവിയെ ബ്രാഹ്‌മണിപ്പാട്ടുപാടി ഉല്ലസിപ്പിക്കുകയാണ് ബ്രാഹ്‌മണിഅമ്മ.
ശിവപാര്‍വ്വതീ പരിണയമാണ് ബ്രാഹ്‌മണിപ്പാട്ടിന്റെ ഇതിവൃത്തം. ശ്രീപാര്‍വ്വതീദേവി ഏറെ കേള്‍ക്കാള്‍ ആഗ്രഹിക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളും അലങ്കാരങ്ങളും മറ്റും വിവരിക്കുന്ന ബ്രാഹ്‌മണിപ്പാട്ടിലുടെ ദേവി സംപ്രീതമാകുമെന്നാണ് വിശ്വാസം.
നടതുറപ്പു മുതല്‍ നട അടയ്‌ക്കുതു വരെ ക്ഷേത്രത്തിലെ പല ആചാരങ്ങളിലും സുപ്രധാന പങ്ക് ബ്രാഹ്‌മണി അമ്മയ്‌ക്കുണ്ട്. നടതുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും ക്ഷേത്ര ഭരണക്കാരോടും ഊരാണ്മക്കാരോടും സമുദായക്കാരോടും വിളിച്ചു ചോദിക്കുന്നത് ബ്രാഹ്‌മണി അമ്മയാണ്. നടതുറപ്പു ദിവസങ്ങളില്‍ ദിനവും രാത്രി ദേവിയെ ശ്രീകോവിലില്‍ നിന്ന് പാട്ടുപുരയിലേക്കും രാവിലെ നടതുറക്കുംമുന്‍പ് തിരിച്ചും എഴുന്നള്ളിക്കുമ്പോള്‍ വെള്ളക്കിണ്ണം കൊട്ടി അകമ്പടി സേവിക്കുന്നത് ബ്രാഹ്‌മണിഅമ്മയാണ്. നടതുറന്നശേഷം പാട്ടുപുരയില്‍ നിലവിളക്കു കത്തിച്ചു ബ്രാഹ്‌മണിപ്പാട്ടുപാടി ഇവര്‍ കൂട്ടിരിക്കും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്‌തര്‍ തങ്ങളുടെ പലവിധ ജീവിതപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ബ്രാഹ്‌മണിപ്പാട്ട് വഴിപാട് നടത്താറുണ്ട്. കൂടാതെ ഭക്‌തരുടെ പ്രശ്‌നങ്ങള്‍ക്ക് വിശ്വാസപരമായ പരിപാരമാര്‍ണ്മങ്ങള്‍ ബ്രാഹ്‌മണിഅമ്മ നിര്‍ദ്ദേശിക്കുകയും ചെയ്യും. പാരമ്പാര്യമയി അല്ലിമംഗലത്ത് പുഷ്‌പകത്ത് കുടുംബത്തിനാണ് ബ്രാഹ്‌മണിഅമ്മ സ്‌ഥാനത്തിനുള്ള അവകാശം. റിട്ട. അധ്യാപിക അല്ലിമംഗലത്ത് പുഷ്‌പകത്ത് തങ്കമണിയാണ് നിലവിലെ ബ്രാഹ്‌മണിഅമ്മ. അവധിദിനമായിരുന്ന ഇന്നലെ ദര്‍ശനത്തിന് വന്‍ തിരക്കുണ്ടായിരുന്നെങ്കിലും ക്ഷേത്ര ട്രസ്‌റ്റ് നടത്തിയ മുന്നൊരുക്കങ്ങളുടെ സഹായത്തോടെ ദീര്‍ഘനേരം കാത്തുനില്‍ക്കാതെ ദര്‍ശനം നടത്താന്‍ ഭക്‌തര്‍ക്കായി. വെര്‍ച്വല്‍ക്യൂവിലൂടെ ആയിരക്കണക്കിനു ഭക്‌തര്‍ ദര്‍ശനം നടത്തി. ഇന്നും തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. നടതുറപ്പുത്സവത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, റൂറല്‍ എസ്‌പി എം. ഹേമലത, ഫിഎഫ്‌ഒ പി. കാര്‍ത്തിക എന്നിവര്‍ സന്ദര്‍ശനം നടത്തി.