-->
മട്ടാഞ്ചേരി: മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ എന്‍പത്തി ആറാം ജന്മ ദിനം ആഘോഷിച്ച് ജന്മ നാടായ ഫോര്‍ട്ട്‌കൊച്ചി.
ഫോര്‍ട്ട്‌കൊച്ചിയിലെ ദാസിന്റെ പഴയ വീടായ ഹൗസ് ഓഫ് യേശുദാസിലാണ് സംഗീത കലാ പ്രേമികളുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ നടന്നത്.സി.എ. നാസര്‍ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ഈ വീട് ഇപ്പോള്‍ ഹൗസ് ഓഫ് യേശുദാസ് എന്ന പേരില്‍ ഹോട്ടലായി പ്രവര്‍ത്തിക്കുകയാണ്.
ദാസിന്റെ സുഹൃത്ത് കൂടിയായ നാസറിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.സിനിമാ തിരക്കഥാ കൃത്ത് എസ്.എന്‍ സ്വാമി പരിപാടി കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്‌തു.
കൗണ്‍സിലര്‍ ഷൈനി മാത്യൂ,അഡ്വ.തോമസ് മൈക്കിള്‍,എന്‍.കെ നാസര്‍,എം.എം സലീം,കെ.ബി ജബ്ബാര്‍,സി.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.ചടങ്ങിനിടെ യേശുദാസ് ലൈവില്‍ വന്നു.എല്ലാവരും ദാസിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു.
നാട്ടില്‍ വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും സംഗീത വിദ്യാര്‍ഥിയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
നാട്ടില്‍ മാര്‍ച്ച് മാസത്തില്‍ വരുമ്പോഴെല്ലാം ദാസ് ഈ വീട്ടില്‍ വരാറുണ്ടായിരുന്നു.ദാസിന്റെ അമ്മ നട്ട് വളര്‍ത്തിയ മാവ് ഈ വീട്ടില്‍ ഇപ്പോഴുമുണ്ട്.ഈ മാവില്‍ വെള്ളമൊഴിച്ച് ഇതില്‍ കാഴ്‌ച മാമ്പഴവുമായാണ് ദാസും കുടുംബവും മടങ്ങാറ്.എസ്.എന്‍ സ്വാമി ദാസിന്റെ അമ്മ നട്ട മാവില്‍ വെള്ളമൊഴിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മധുര പലഹാരവും വിളമ്പി.
ദാസേട്ടന്‍ ആലപിച്ച ഗാനങ്ങള്‍ യഹിയ അസീസ്,ഷബീര്‍ മരയ്‌ക്കാര്‍ എന്നിവര്‍ ആലപിച്ചു.