-->
കൊച്ചി: മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭാ സഹായിച്ചുവെന്ന കൊച്ചി മേയര്‍ വി.കെ മിനിമോളുടെ പരസ്യപ്രസ്‌താവനയില്‍ പ്രതികരണവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ദീപ്‌തി മേരി വര്‍ഗീസ്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സമുദായ സംഘടനയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് കൊച്ചി മേയര്‍ വി.കെ മിനിമോളും, മേയറെ പിന്തുണച്ചവരുമാണെന്ന് ദീപ്‌തി മേരി വര്‍ഗീസ് വ്യക്‌തമാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്‌ഥാനത്തേയ്‌ക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരായിരുന്നു ദീപ്‌തി മേരി വര്‍ഗീസിന്റേത്. എല്ലാ ജാതിമതങ്ങളേയും വിശ്വാസം സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ദീപ്‌തി മേരി വര്‍ഗീസ് പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ഏല്ലാ മതങ്ങളേയും ഒരുമിച്ചു കൊണ്ടു പോകുന്ന പ്രസ്‌ഥാനമാണിതെന്നും അവര്‍ വ്യക്‌തമാക്കി. കോണ്‍ഗ്രസിന്റെ നയം വ്യക്‌തമാണെന്നും ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തേണ്ടത് കെ.പി.സി.സിയും മേല്‍ഘടകമായ എ.ഐ.സി.സി നേതൃത്വവുമാണ്. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണെന്നും മേയര്‍ വി.കെ മിനിമോളുടെ വിവാദ പ്രസ്‌താവനയെക്കുറിച്ച് പാര്‍ട്ടി നേതൃത്വം അന്വേഷിക്കട്ടെയെന്നും ദീപ്‌തി മേരീ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ പദവിയിലേയ്‌ക്ക് ലത്തീന്‍ സമുദായംഗത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മേയര്‍ സ്‌ഥാനത്തേയ്‌ക്ക്് പരിഗണിച്ചിരുന്ന ദീപ്‌തി മേരി വര്‍ഗീസിനെ ഒഴിവാക്കി ആസ്‌ഥാനത്ത് ലത്തീന്‍ സമുദായാംഗമായ വി.കെ മിനിമോളേയും ഷൈനി മാത്യുവിനേയയും രണ്ടര വര്‍ഷം ടേം അടിസ്‌ഥാനത്തില്‍ പരിഗണിക്കുകയായിരുന്നു. അതേസമയം, മേയര്‍ സ്‌ഥാനവുമായി ബന്ധപ്പെട്ട് തീരുമാനം സ്വീകരിക്കുന്നതില്‍ ഒരു സമുദായ സംഘടനയും ഇടപെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഷൈനി മാത്യുവിനും മിനിമോള്‍ക്കുമാണ് സ്വീകാര്യത ലഭിച്ചതെന്നും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരോട് നേരിട്ട് അഭിപ്രായം ആരാഞ്ഞശേഷമാണ് രണ്ടരവര്‍ഷം ടേം അടിസ്‌ഥാനത്തില്‍ ഇരുവരേയും മേയര്‍ സ്‌ഥാനത്തേയ്‌ക്ക് തെരഞ്ഞെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. കോണ്‍ഗ്രസില്‍ സാമുദായിക ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മിനിമോള്‍ വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ വിശിഷ്‌ടാതിഥിയായ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭാ സഹായിച്ചുവെന്ന് കൊച്ചി മേയര്‍ വി.കെ മിനിമോള്‍ പരസ്യപ്രതികരണം നടത്തിയത്.