-->
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) നടന്നു. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി.
കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ് നടന്നത്. പള്ളിപ്പാട് പഞ്ചായത്തില്‍ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്.
കരുവാറ്റ പഞ്ചായത്തില്‍ 4,739 പക്ഷികളെയും കൊന്നൊടുക്കി.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിങ്ങിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളില്‍ കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്.