Friday, March 13, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.39 AM

നരക യാത്രയ്‌ക്ക് അറുതിയില്ല

uploads/news/2026/01/820141/2.jpg

ആലപ്പുഴ: നരകയാത്രയ്‌ക്കു പരിഹാരമായില്ല. ആലപ്പുഴ എറണാകുളം ട്രെയിന്‍ യാത്ര ദിവസം ചെല്ലും തോറും കൂടുതല്‍ ക്ലേശകരമായി തുടരുന്നു. ട്രെയിനുകളുടെ എണ്ണക്കുറവും ഉള്ള ട്രെയിനുകള്‍ക്ക്‌ എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പില്ലാത്തതും തീരദേശപാതയിലെ യാത്രക്കാരുടെ വൈകിട്ടത്തെ യാത്ര ദുരിതപൂര്‍ണമാക്കുന്നു.
വന്ദേഭാരതിനായി മറ്റ്‌ ട്രെയിനുകളുടെ സമയം മാറ്റിയതും പല സ്‌ഥലങ്ങളിലും പിടിച്ചിടുന്നതും സ്‌ഥിരം യാത്രക്കാര്‍ വീട്ടിലെത്തുന്നത്‌ ഏറെ വൈകാനിടയാക്കുന്നു. അരൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം കൂടി വന്നപ്പോള്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ കാലങ്ങളേക്കാള്‍ വര്‍ധനവുണ്ടായി. കാലുകുത്തി നില്‍ക്കാന്‍ പോലും കഴിയാത്ത സ്‌ഥിതി വിശേഷമാണ്‌ ഉള്ളത്‌. വൈകിട്ട്‌ എറണാകുളത്തുനിന്ന്‌ ആലപ്പുഴക്കുള്ള ആദ്യ ട്രെയിന്‍ നാലുമണിയുടെ പാസഞ്ചറാണ്‌. ഇത്‌ 5.30ന്‌ ആലപ്പുഴയില്‍ എത്തും.
എം.ജി.ആര്‍ ചെന്നൈ സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്പ്രസിനായി ഈ ട്രെയിന്‍ പത്തുമിനിട്ടോളം കുമ്പളത്ത്‌ പിടിച്ചിടും. 5.30ന്‌ മുമ്പ്‌ ഈ ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയില്ലെങ്കില്‍ ഇതിലെത്തുന്നവര്‍ക്ക്‌ 5.35ന്‌ പുറപ്പെടുന്ന ആലപ്പുഴ - കൊല്ലം മെമു കിട്ടാതെവരും. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ നാലുമണിക്ക്‌ പോകുന്നതിനാല്‍ കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും ഇതില്‍ യാത്ര സാധ്യമല്ല. പിന്നീടുള്ളത്‌ 4.20ന്‌ എറണാകുളത്തെത്തുന്ന ഏറനാട്‌ എക്‌സ്പ്രസാണ്‌. ഈ ട്രെയിനിന്‌ കുമ്പളം, വയലാര്‍, തിരുവിഴ, മാരാരിക്കുളം, കലവൂര്‍, തുമ്പോളി എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ആശ്രയിക്കാനാവില്ല. 21 കോച്ചുകളുള്ള ട്രെയിനില്‍ 13 ജനറല്‍ കോച്ചുകളുണ്ടെങ്കിലും വന്‍തിരക്കാണ്‌.
4.20ന്‌ ഏറനാട്‌ പോയാല്‍ 5.25ന്റെ ജനശതാബ്‌ദിയാണ്‌ അടുത്തത്‌. ഇതില്‍ ജനറല്‍ കോച്ചുകളില്ല പിന്നെ ആശ്രയം 6.25ന്റെ എറണാകുളം- കായംകുളം പാസഞ്ചറാണ്‌. മുമ്പ്‌ വൈകിട്ട്‌ ആറിന്‌ പുറപ്പെട്ടിരുന്ന ട്രെയിന്‍ 30 മിനിറ്റിലധികമാണ്‌ വന്ദേഭാരത്‌ കടന്നുപോകുന്നതിന്‌ കുമ്പളത്ത്‌ പിടിച്ചിട്ടിരുന്നത്‌. പിന്നീട്‌ ട്രെയിനിന്റെ സമയം 6.25 ആക്കി. വിദ്യാര്‍ഥികളും ഉദ്യോഗസ്‌ഥരുമടക്കം രണ്ടായിരത്തോളം പേരാണ്‌ ഇതില്‍ ദിവസവും യാത്രചെയ്യുന്നത്‌.
സമയം മാറ്റിയെങ്കിലും വന്ദേഭാരത്‌ കടന്നുപോകുന്നതിനായി 40 മിനിട്ടോളം കുമ്പളത്തും തുറവൂരുമായി ട്രെയിന്‍ പിടിച്ചിടുന്ന അവസ്‌ഥ ഇപ്പോഴുമുണ്ട്‌. മുമ്പ്‌ 8.20ന്‌ കായംകുളത്ത്‌ എത്തിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ 9.30നാണെത്തുന്നത്‌.
തിങ്ങിനിറഞ്ഞ്‌ ശ്വാസം കിട്ടാതെ യാത്രക്കാര്‍ ട്രെയിനില്‍ കുഴഞ്ഞുവീഴാറുണ്ട്‌. നാളുകളായി യാത്രക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും കാണുന്നില്ല. ഇത്തരത്തില്‍ ശ്വാസംമുട്ടി യാത്ര ചെയ്യുമ്പോള്‍ ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടാകാറുണ്ട്‌. ഇതിനൊക്കെ ശാശ്വത പരിഹാരം കാണണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Ads by Google
Advertisement
Sunday 11 Jan 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW