-->
ആലപ്പുഴ: നിയമസഭാ സമുച്ചയത്തില്‍ ആരംഭിച്ച നാലാമത് അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ആദ്യദിനം കുട്ടികളുടെ പവലിയനില്‍ ആദ്യ ഇനമായി ആവേശം പകര്‍ന്നത് ആലപ്പുഴ വിങ്‌സ് ഓഫ് ഹോപ്പ് എന്ന കുട്ടികളുടെ ബാന്റ് അവതരിപ്പിച്ച സംഗീത വിരുന്ന്. ലഹരിക്കെതിരെ മാസ്‌റ്റര്‍ ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഉയിരോട് ചേര്‍ത്തീടാം എന്ന ഗാനത്തോടെ ആയിരുന്നു തുടക്കം. പരിപാടികള്‍ക്കുശേഷം സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ ബാന്‍ഡ് അംഗങ്ങളെ തന്റെ ചേമ്പറില്‍ വിളിച്ച് അഭിനന്ദിക്കാനും മറന്നില്ല. ലഹരിക്ക് പകരം സംഗീതവും സാഹിത്യവും കലകളും എന്നതാണ് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും അംഗങ്ങളായ ബാന്‍ഡിന്റെ സന്ദേശം. പ്രശസ്‌ത സംഗീതജ്‌ഞന്‍ മാസ്‌റ്റര്‍ ജെറി അമല്‍ദേവാണ് വിങ്‌സ് ഓഫ് ഹോപ്പിന്റെ പേട്രണും പ്രചോദനവും. പുസ്‌തകോത്സവത്തിനായി ഡെന്നി ആന്റണി രചിച്ച് വി.ജി റുഡോള്‍ഫ് സംഗീതം നല്‍കിയ അക്ഷര ശാഖികളാല്‍ അറിവിനന്‍ തണലേക്കും അനന്തപുരിയുടെ ആ മുഗ്‌ന്ധസങ്കേതമേ എന്ന് തുടങ്ങുന്നതായിരുന്നു ആദ്യ ഗാനം.
കേരളത്തിന്റെ നാനാത്വവും അതിന്റെ ഊഷ്‌മളതയും സംഗീതത്തിന്റെ ഉയര്‍ച്ച താഴ്‌ചകളില്‍ സന്നിവേശിപ്പിച്ചുള്ള കേരള ഹാര്‍മണി എന്ന വൃന്ദവാദ്യവും ലവ് തീം വയലിന്‍ സോളോയും ആലപ്പുഴയുടെ ഹരിത ചാരുത ഗാനവും എല്ലാം ചേര്‍ന്ന് കുട്ടികളുടെ മ്യൂസിക് ബാന്‍ഡിനെ തലസ്‌ഥാനത്ത് വ്യത്യസ്‌തമായ അനുഭവമാക്കി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി വരുണ്‍ ഡെന്നി ആന്റണിയുടെ നേതൃത്വത്തില്‍ അവിനാഷ് പീറ്റര്‍, നവനീത് പ്രദീപ് കൃഷ്‌ണന്‍, പ്രിന്‍സ് പോള്‍ ജോസഫ്, ഷേന്‍ ജോഷി, അലക്‌സ് വി. മാത്യു, അല്‍ അമീന്‍, അഭിരാം മനോജ്, റൂബന്‍ എബ്രഹാം, മിഷാല്‍ റഫീക്ക്, കെവിന്‍ വി. മാത്യു, എന്നി വിദ്യാര്‍ഥികളാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍.