-->
കലവൂര്‍: ആയിരത്തിയൊന്ന് ആല്‍മരങ്ങള്‍ നട്ടു വളര്‍ത്താന്‍ ഒരുങ്ങുകയാണ് നിഴല്‍ എന്ന സാമൂഹികസംഘടന. അന്തരിച്ച പ്രശസ്‌ത നടനും തിരകഥാകൃത്തുമായിരുന്ന ശ്രീനിവാസന്റെ സ്‌മരണാര്‍ഥം പാതിരപ്പള്ളിയില്‍ രൂപീകരിച്ച ശ്രീനിവാസന്‍ ഫൗണ്ടേഷന്റെ കീഴിലാണ് പ്രകൃതിക്ക് സംരക്ഷണ കവചമൊരുക്കുന്ന ശ്രദ്ധ്യേയമായ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തില്‍ ആണ് പ്രകൃതിക്ക് സംരക്ഷണമേകാന്‍ 1001 ആല്‍മരങ്ങള്‍ നട്ടുവളര്‍ത്തുന്നത്. ഇതില്‍ 25 പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുകാര്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്ന തരത്തില്‍ ആല്‍ത്തറകളും നിര്‍മിക്കും. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി.പി. ഷാജി, വികസന സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന ജാസ്‌മിന്‍ ബിജു, സി.പി.ഐ. പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി അസിസ്‌റ്റന്റ് സെക്രട്ടറി വി.ടി. ജാക്‌സണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശ്രീനിവാസന്‍ ഫൗണ്ടേഷന് നേതൃത്വം കൊടുക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകുന്നയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് ആംബുലന്‍സ് സേവനവും യുവതി യുവാക്കള്‍ക്ക് രക്ഷാപ്രവര്‍ത്തന പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങളും ഇവര്‍ നടത്തിവരുകയാണ്.