-->
കുട്ടനാട്: ഈ പുഞ്ച സീസണിലെ ആദ്യ കൊയ്‌ത്ത് നെടുമുടി വൈശ്യം ഭാഗം മണത്രകാട് പാടശേഖരത്തില്‍ നാളെ തുടങ്ങും. കൊയ്‌ത നെല്ല് ആരെടുക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തതയില്ല. പണം എങ്ങനെ കിട്ടും എന്നും അറിയില്ല. ജില്ലാ കലക്‌ടര്‍ അവലോകനയോഗം വിളിച്ചിട്ടില്ല. സര്‍വ്വത്ര അനിശ്‌ചിതത്വമാണ്. പുഞ്ച നെല്ലുസംഭരണം സഹകരണ സംഘങ്ങള്‍ വഴി ആക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനം ആശ്വാസത്തിന് പകരം കര്‍ഷകരെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. നെല്ലെടുപ്പ് തലവേദനയാണെന്നും സഹകരിക്കണ്ടെന്നുമാണ് മിക്ക സഹകരണ സംഘങ്ങളും തീരുമാനിച്ചിരിക്കുന്നത്. നെല്ലു സംഭരിക്കാനും സൂക്ഷിച്ചുവയ്‌ക്കാനും സഹകരണസംഘങ്ങള്‍ക്ക് സൗകര്യം കുറവാണ്. സ്വന്തമായി മില്ലുകളില്ല. ഗോഡൗണ്‍ സൗകര്യമുള്ളത് കുറച്ചു സംഘങ്ങള്‍ക്ക് മാത്രം. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കുന്നത് പരാജയമാണെന്ന് അനുഭവിച്ചറിഞ്ഞവരാണ് കുട്ടനാട്ടിലെ കര്‍ഷകര്‍.
പുഞ്ചക്കൊയ്‌ത്തിന്റെ നെല്ല് സംഭരണം സംബന്ധിച്ച് അടിയന്തര തീരുമാനത്തിലെത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.