-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റും നിലവിലെ എം.എല്‍.എയുമായ തോമസ് കെ. തോമസ് വീണ്ടും എല്‍.ഡി.എഫിനായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യം ആവശ്യപ്പെട്ടെന്നു തോമസ് കെ. തോമസ് കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ സീറ്റു ഏറ്റെടുക്കണമെന്നാണ് സി.പി.എമ്മിലെ വികാരം. തോമസ് കെ. തോമസ് മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാതെ വിവാദങ്ങള്‍ക്കു പുറകയാണെന്നു നേരത്തെ സി.പി.എം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ തോമസ് കെ. തോമസിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടിക്ക് 17 രക്‌തസാക്ഷികളുള്ള കുട്ടനാട്ടില്‍ നിയമസഭാ സീറ്റ് എന്‍.സി.പിയില്‍നിന്ന് ഏറ്റെടുക്കണം. പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യുകയെന്നത് അവിടെയുള്ള പാര്‍ട്ടിക്കാരുടെ ഹൃദയാഭിലാഷമാണെന്നും ആവശ്യപ്പെട്ടിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ എട്ടിലും യു.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതും സി.പി.എമ്മിനു തിരിച്ചടിയായിട്ടുണ്ട്. പതിറ്റാണ്ടുകളായി കൈവശംവെച്ചിരുന്ന കൈനകരി പഞ്ചായത്തുള്‍പ്പെടെയാണു നഷ്‌ടപ്പെട്ടത്. ഇതിന്റെ ക്ഷീണവും നിയമസഭാതെരഞ്ഞെടുപ്പിലെ സീറ്റ് അവകാശവാദത്തിനു വിനയാകുമെന്നാണ് എന്‍.സി.പി. നേതാക്കളുടെ പ്രതീക്ഷ.
അതേ സമയം തദ്ദേശതെരഞ്ഞെടുപ്പില്‍ കുട്ടനാട് മേഖലയില്‍ കിട്ടിയ വന്‍വിജയത്തോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വാദം യു.ഡി.എഫിലും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റുറപ്പിച്ചു സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ച് പ്രവര്‍ത്തിച്ചുതുടങ്ങി. പ്രവാസി വ്യവസായി റെജി ചെറിയാനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണവര്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തിലുണ്ടായ മുന്നേറ്റവും രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ സമ്മര്‍ദം ശക്‌തിപ്പെടുത്തുന്നത്. കോണ്‍ഗ്രസ് കുട്ടനാട് നിയമസഭാ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്.