-->
കോട്ടയം: ജില്ലയുടെ വികസന ആസൂത്രണത്തിന് പുതിയ തുടക്കമിട്ട് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്‌ഥാപന അധ്യക്ഷന്മാരുടെ ആദ്യയോഗം. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.പി.സി. മെമ്പര്‍ സെക്രട്ടറി കൂടിയായ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്തുകള്‍ നിലവില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു പൂര്‍ത്തികരിക്കാന്‍ കലക്‌ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും പദ്ധതിത്തുകയുടെ വിനിയോഗവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യോഗം നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളിലെ തടസങ്ങളേക്കുറിച്ചും ചര്‍ച്ച ചെയ്‌തു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം. എസ്.സി,എസ്.ടി ഫണ്ടുകള്‍ പൂര്‍ണമായി വിനിയോഗിക്കണമെന്നും നിലവിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ നിര്‍വഹണ ഉദ്യോഗസ്‌ഥരുടെ യോഗം വിളിക്കണമെന്നും ആസൂത്രണസമിതി നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്‌റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ശ്രീകല, ജില്ലാ പ്‌ളാനിങ് ഓഫീസര്‍ എ.ബി. അനില്‍കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്‌ടര്‍ ബിനു ജോണ്‍, ഡെപ്യൂട്ടി പ്‌ളാനിങ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പങ്കെടുത്തു.