Thursday, March 12, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

തിരുവൈരാണിക്കുളം: ഭക്‌തിസാന്ദ്രമായി ശ്രീപാര്‍വ്വതീദേവീ ദര്‍ശനം

uploads/news/2026/01/819913/1.jpg

കാലടി: വര്‍ഷം മുഴുവന്‍ കാത്തിരുന്നെത്തുന്ന ഭക്‌തര്‍ക്ക്‌ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശനത്തിലൂടെ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകാത്തതാണ്‌.
പട്ടുടയാട ചുറ്റി തിരുവാഭരണങ്ങളും കേശാലങ്കാരങ്ങളും പുഷ്‌പാലങ്കാരങ്ങളുമായി ദീപപ്രഭയില്‍ വിളങ്ങി നില്‍ക്കുന്ന ശ്രീപാര്‍വ്വതീദേവിയുടെ തിരുസ്വരൂപം കാലങ്ങളായി നടതുറപ്പിനെത്തുന്ന ഭക്‌തര്‍ക്കു പോലും ആദ്യദര്‍ശനത്തിന്റെ അനുഭവമാണ്‌ നല്‍കുന്നത്‌. തങ്കത്തിരുമുഖത്ത്‌ തിലകക്കുറി ചൂടി, മുന്നിലേക്കു പിന്നിയിട്ട മുടിയില്‍ കേശാലങ്കാരങ്ങളും പുഷ്‌പാലങ്കാരങ്ങളും ചാര്‍ത്തി, പട്ടുടയാട ചുറ്റി അഭയവരദയായി നില്‍ക്കുന്ന രൂപത്തിലാണ്‌ ദേവിയെ ദര്‍ശിക്കാനാവുക. 12 ദിനവും വെവ്വേറെ പട്ടുടയാടകളാണ്‌ ദേവിക്കു ചാര്‍ത്തുന്നത്‌. ഒരുവട്ടം ചാര്‍ത്തിയ പട്ട്‌ പിന്നീട്‌ ഉപയോഗിക്കുകയില്ല.
ദേവിക്കു ചാര്‍ത്തിയ പട്ട്‌ ഭക്‌തര്‍ വാങ്ങി പൂജാമുറികളില്‍ സൂക്ഷിക്കുകയാണ്‌ പതിവ്‌. നടതുറപ്പു നാളുകളില്‍ ദേവിക്കു ചാര്‍ത്തുന്നതിനുള്ള പട്ട്‌ ഭക്‌തര്‍ മുന്‍കൂട്ടി വഴിപാടായി സമര്‍പ്പിക്കുന്നതാണ്‌. 2030 വരെയുള്ള നടതുറപ്പിലെ ഉടയാടകള്‍ ഇതിനകം തന്നെ ബുക്ക്‌ ചെയ്‌തു കഴിഞ്ഞിട്ടുണ്ട്‌. നടതുറപ്പ്‌ വേളയില്‍ ദേവിയുടെ ആടയാഭരണങ്ങളിലും അലങ്കാരങ്ങളിലും ഏറെ സവിശേഷതകളുണ്ട്‌.
പുരാതനമായ തിരുവാഭരണങ്ങളാണ്‌ ദേവിയെ അണിയിക്കുന്നത്‌. ഏഴിലത്തലിക്കൂട്ടം, കാശ്‌മാല, വലിയ വട്ടത്താലി, നെക്‌ലേസുകള്‍ തുടങ്ങിയവയാണ്‌ ദേവിയുടെ തിരുവാഭരണങ്ങളില്‍ പ്രധാനപ്പെട്ടത്‌. കൂടാതെ ക്ഷേത്ര ട്രസ്‌റ്റ് പുതുതായി പണികഴിപ്പിച്ചവയു ഭക്‌തര്‍ കാണിക്കയായി നല്‍കിയവയുമുണ്ട്‌.
ഇന്നും നാളെയും അവധിദിനങ്ങളായതിനാല്‍ വന്‍ ഭക്‌തജനത്തിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതുകണക്കിലെടുത്ത്‌ ക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ തിരക്കു നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഭക്‌തര്‍ വന്നെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌് ചെയ്യുന്നതു മുതല്‍ ദര്‍ശനം നടത്തി അന്നദാനത്തില്‍ പങ്കെടുത്തു മടങ്ങുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിച്ച്‌ സുരക്ഷയും സുഗമമായ ദര്‍ശനവും സാധ്യമാക്കാനാണ്‌ ക്ഷേത്ര ട്രസ്‌റ്റിന്റെ പരിശ്രമം. ക്ഷേത്രത്തിലും പരിസരങ്ങളിലും വിന്യസിച്ചിട്ടുള്ള പൊലീസ്‌ സേനയും സെക്യൂരിറ്റി ഗാര്‍ഡുകളും വളണ്ടിയര്‍മാരും ഇതിനായി തയാറെടുത്തിരിക്കുകയാണ്‌. ഈ രണ്ടു ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഒട്ടേറെ ഭക്‌തര്‍ ദര്‍ശനത്തിനായി ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. തിരക്ക്‌ നിയന്ത്രിക്കാന്‍ ഇത്‌ വളരെ സഹായകമാകുമെന്നാണ്‌ ക്ഷേത്ര ട്രസ്‌റ്റ് പ്രതീക്ഷിക്കുന്നത്‌.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW