-->
എടത്വാ: പച്ച പാലത്തിന്റെ കൈവിരിയോട് ചേര്‍ന്ന പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നു. വെള്ളം പ്രധാന റോഡിലേയ്‌ക്ക് തെറിച്ചുവീഴാതിരിക്കാന്‍ മറകെട്ടി സമീപവാസി. അമ്പലപ്പുഴ - തിരുവല്ല സംസ്‌ഥാന പാതയില്‍ പച്ച പാലത്തിന്റെ കൈവിരിക്ക് സമാന്തരമായി സ്‌ഥാപിച്ച ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ തുരുമ്പിച്ച് പൊട്ടിയാണ് ശുദ്ധജലം പാഴാകുന്നത്.
വെള്ളം റോഡിന്റെ മധ്യഭാഗം വരെ ശക്‌തമായി തെറിച്ചു വീണതോടെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്‌ഥയായി തീര്‍ന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നട യാത്രക്കാര്‍ വെള്ളം ദേഹത്ത് വീഴാതിരിക്കാന്‍ റോഡിന് കുറുകെ കടക്കുമ്പോള്‍ വാഹനാപകടങ്ങളില്‍ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. സമീപവാസിയായ പത്രം ഏജന്റ് മാത്യു തെക്കേത്തലയ്‌ക്കല്‍ റോഡിലേക്ക് വെള്ളം തെറിച്ചുവീഴാതിരിക്കാന്‍ മറകെട്ടി സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പച്ച തോട്ടിലേ യ്‌ക്ക് പതിക്കുന്നത്.
രണ്ട് ദിവസമായി പൈപ്പ്‌ലൈന്‍ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി എടത്വാ സബ്‌ഡിവിഷന്‍ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കു കയോ ചോര്‍ച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം ഇതേ ലൈനില്‍ ചെക്കിടിക്കാട് പറത്തറ പാലത്തിന് സമീപം പൈപ്പ് പൊട്ടി രണ്ടുദിവസമായി ജലവിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പ് ലൈന്‍ കൂടെകൂടെ പൊട്ടി ജലവിതരണം താറുമാറായിട്ടും സമാന്തരമായി സ്‌ഥാപിച്ച പൈപ്പ് ലൈന്‍ കമ്മിഷന്‍ ചെയ്യാന്‍ ജല അതോറിറ്റി തയാറായിട്ടില്ല. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.