Saturday, March 14, 2026 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

വീണ്ടും പക്ഷിപ്പനി; ജില്ലയില്‍ കള്ളിങ്‌ പുനരാരംഭിച്ചു ഇന്നലെ കള്ളിങ്ങിന്‌ വിധേയമാക്കിയത്‌ 2862 പക്ഷികളെ

uploads/news/2026/01/819905/1.jpg

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്‌) പുനരാരംഭിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുപ്രകാരം 2862 പക്ഷികളെ കള്ളിങ്ങിന്‌ വിധേയമാക്കി. അമ്പലപ്പുഴ തെക്ക്‌, അമ്പലപ്പുഴ വടക്ക്‌ എന്നിവിടങ്ങളിലാണ്‌ കള്ളിങ്‌ നടന്നത്‌.
അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തില്‍ വൈകുന്നേരം വരെ 2850 പക്ഷികളെയാണ്‌ കള്ളിങ്ങിന്‌ വിധേയമാക്കിയത്‌. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്തില്‍ 12 പക്ഷികളെയും കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളിങ്ങിനും നേതൃത്വം നല്‍കിയത്‌. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളില്‍ കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്‌. ഇന്ന്‌ കരുവാറ്റ, പള്ളിപ്പാട്‌ പഞ്ചായത്തുകളില്‍ കള്ളിങ്‌ നടക്കും.

പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന്‌ 10 കിലോമീറ്റര്‍ പരിധിയില്‍ കോഴി, താറാവ്‌ വ്യാപാരനിരോധനം

എടത്വാ: ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന്‌ പത്ത്‌ കിലോമീറ്റര്‍ പരിധിയില്‍ കോഴി - താറാവ്‌ വ്യാപാരത്തിന്‌ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ എച്ച്‌ 5 എന്‍ 1 വിഭാഗത്തിലുള്ള പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. കോഴി, താറാവ്‌, കാട, മറ്റ്‌ വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പന, വിപണനം, ഗതാഗതം, ഉപയോഗം എന്നിവ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ്‌ ഐ.എ.എസ്‌ ഉത്തരവിട്ടു. അമ്പലപ്പുഴ നോര്‍ത്ത്‌, അമ്പലപ്പുഴ സൗത്ത്‌, കായംകുളം, പത്തിയൂര്‍, പുളിങ്കുന്ന്‌, തലവടി, പാണാവൂര്‍, എടത്വാ, തകഴി, ആറാട്ടുപുഴ, ഹരിപ്പാട്‌ മുനിസിപ്പാലിറ്റി, മാവേലിക്കര മുനിസിപ്പാലിറ്റി എന്നിവ ഉള്‍പ്പെടെ നിരവധി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയില്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്‌. ഈ പ്രദേശങ്ങളില്‍ പക്ഷിമാംസം, മുട്ട, വളം എന്നിവയടക്കമുള്ള ഉപോല്‍പ്പന്നങ്ങളുടെ വില്‍പ്പനയും കടത്തലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്‌. ജില്ലയിലെ ചില പ്രദേശങ്ങളിലെ കോഴി, താറാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ അസാധാരണമായ മരണവും രോഗലക്ഷണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ എച്ച്‌ 5 എന്‍ 1 വൈറസ്‌ സ്‌ഥിരീകരിച്ചത്‌.
ഇതിനെ തുടര്‍ന്ന്‌ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്‌തമായി സ്‌ഥിതിഗതികള്‍ വിലയിരുത്തി. ഇതേ തുടര്‍ന്ന്‌ രോഗവ്യാപനം തടയുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഇന്‍ഫെക്‌ടഡ്‌ സോണ്‍ പ്രദേശങ്ങളില്‍ മൂന്ന്‌ മാസത്തേക്ക്‌ പക്ഷികളെ വളര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രഭവ കേന്ദ്രത്തിലെ പക്ഷികളെ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ പാലിച്ച്‌ നശിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കും. രോഗബാധിത മേഖലകളില്‍ കര്‍ശന പരിശോധനയും നിരീക്ഷണവും നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി. നിരോധന നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി അതത്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ്‌, പോലീസ്‌, റവന്യൂ, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവ സംയുക്‌തമായി പരിശോധനയും മേല്‍നോട്ടവും ശക്‌തമാക്കാനും തീരുമാനിച്ചു.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ ഭരണകൂടം മുന്നറിയിപ്പ്‌ നല്‍കി. പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. രോഗലക്ഷണങ്ങളുള്ള പക്ഷികളെ കണ്ടെത്തിയാല്‍ ഉടന്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും അനധികൃതമായി പക്ഷികളെ കടത്തുകയോ വില്‍ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW