-->
പാമ്പാടി: ദേശീയപാതയില്‍ വട്ടമലപ്പടി വളവില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോട് കൂടിയായിരുന്നു അപകടം. ഈ ഭാഗത്ത് ദേശീയപാതയുടെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുന്ന പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വളവില്‍ പണി നടക്കുന്ന ഭാഗത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരുന്നില്ല.
മുന്‍പില്‍ പോയ ഇന്നോവ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോള്‍ പിന്നാലെ എത്തിയ ഫോര്‍ച്യുണര്‍ കാറും ഒരു കെ എസ് ആര്‍ ടി സി ബസ്സും ബ്രേക്ക് ചെയ്‌തപ്പോള്‍ പിന്നില്‍ മറ്റൊരു കെ എസ് ആര്‍ ടി സി ബസ്സും വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല.
നിസ്സാര പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു..നാലു വാഹനങ്ങളും കോട്ടയത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി വഴിയില്‍ കുടുങ്ങിപ്പോയ ഒരു ബസ് മണ്ണുമാന്തി യന്ത്രം എത്തിച്ച് വലിച്ചു നീക്കി ഗതാഗതം പുനസ്‌ഥാപിക്കുകയായിരുന്നു. പാമ്പാടി പോലീസും അഗ്നിരക്ഷാ സേനയും സ്‌ഥലത്തെത്തി. ബസ്സില്‍ ഉണ്ടായിരുന്ന ഒരു ശബരിമല തീര്‍ത്ഥാടകന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഈ ഭാഗത്തു പൊടിശല്യവും രൂക്ഷമാണ്.