-->
കോട്ടയം: എന്തുകൊണ്ട് ക്രിസ്‌മസ് സീസണില്‍ മാത്രം പക്ഷിപ്പനി?.ഏറ്റവും പ്രതീക്ഷയോടെ താറാവു വളര്‍ത്തുന്ന സീസണില്‍ തന്നെ രോഗവ്യാപനം സ്‌ഥിരമായുണ്ടാകുന്നതാണു കര്‍ഷകരുടെ സംശയത്തിനു കാരണം. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ രോഗവ്യാപനത്തിന്റെ കണ്ടെത്താനോ ഗവേഷണം നടത്താനോ ശ്രമിക്കാത്തത് ദുരൂഹതയ്‌ക്കു കാരണമാകുന്നു. കഴിഞ്ഞ തവണ ഒരു വര്‍ഷത്തോളം ജില്ലയില്‍ പക്ഷിവളര്‍ത്തല്‍ നിരോധിച്ചത് ഏതെങ്കിലും സാഹചര്യത്തില്‍ രോഗബാധ ഒഴിവാകുകയെന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ ഇക്കുറിയും കൃത്യസമയത്ത് കര്‍ഷകരുടെ നട്ടെല്ലൊടിച്ചു പക്ഷിപ്പനി എത്തി.
മണര്‍കാട് പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തില്‍ രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ പതിവെങ്ങുമില്ലാത്ത വിധമുള്ള ജാഗ്രതാ നടപടികളാണ് സ്വീകരിച്ചത്.
രോഗത്തിന്റെ ഉറവിടം മറ്റ് പക്ഷികളില്‍ നിന്നാകാമെന്ന സ്‌ഥിരീകരിച്ചു. ഇനി രോഗം പടരാതിരിക്കാനുള്ള സംവിധാനമെന്ന നിലയില്‍ പക്ഷി വളര്‍ത്തലിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, ഇതൊക്കെ വെറുതെയായി എന്നതാണു വീണ്ടും പക്ഷിപ്പനി എത്തിയതോടെ വെളിവായത്.
തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് അപ്പര്‍കുട്ടനാട്ടില്‍ പക്ഷിപ്പനി സീസണ്‍ കാലത്ത് സ്‌ഥിരീകരിക്കുന്നത്. ദേശാടന പക്ഷികളില്‍ നിന്നാണു പനി പടരുന്നതെന്ന പതിവ് സ്‌ഥിരീകരണം ഇക്കുറിയില്ല.
പക്ഷിപ്പനി സംബന്ധിച്ചു ഗവേഷണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകാത്തതില്‍ കര്‍ഷകര്‍ക്കും അമര്‍ഷമുണ്ട്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണു രോഗം സ്‌ഥിരീകരിക്കുന്നത്. എന്നാല്‍ ചുറ്റുപാടും നിരോധനം ഏര്‍പ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു.
ഒരുപതിറ്റാണ്ടിലേറെയായി പക്ഷിപ്പനി ബാധിച്ചിട്ടും തടയുന്നതില്‍ നിന്നു വകുപ്പുകള്‍ പരാജയപ്പടുന്നതും ദുരൂഹത സൃഷ്‌ടിക്കുന്നു.സീസണ്‍ കാലത്തെ പക്ഷിപ്പനിയിലൂടെ ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായിരിക്കുന്നത്.രോഗം സ്‌ഥിരീകരിക്കുന്നതു ക്രിസ്‌മസിനു ദിവസങ്ങള്‍ക്കു മുന്‍പാണെന്നതും കര്‍ഷകരെ സംശയത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം ചിക്കന്‍ വ്യാപാരികളും ഇതേ സംശയമുന്നയിച്ചിരുന്നു.ഓരോ തവണ രോഗം വരുമ്പോഴും പരിസരമെമ്പാടുമുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളേയും കൊല്ലേണ്ടി വരും. കൊല്ലുന്ന പക്ഷികളുടെ നഷ്‌ടപരിഹാരവും വൈകുന്നതും കര്‍ഷകരെ നിരാശയിലാക്കുന്നു.