-->
തൊടുപുഴ: സിവില്‍ സര്‍വീസിന്റെ നിലനില്‍പ്പിന് ഇടതുസര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാര്‍. കെ.ആര്‍.ഡി.എസ്.എ സംസ്‌ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിയമനം നടത്തുന്ന സംസ്‌ഥാനമാണ് കേരളം. രാജ്യത്ത് ആകെ നടക്കുന്ന നിയമനങ്ങളുടെ 60% കേരളത്തിലാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സിവില്‍ സര്‍വീസ് സംരക്ഷിക്കുന്ന നിലപാടുകളാണ് എന്നും സ്വീകരിച്ചിട്ടുളളത്. ആരേയും എപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെ മുതലാളിമാര്‍ക്ക് പിരിച്ച് വിടാനും തൊഴില്‍ശാലകള്‍ അടച്ചുപൂട്ടാനും മുതലാളിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ ശക്‌തമായ പ്രതിക്ഷേധം ഉയര്‍ന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ആര്‍.ഡി.എസ്.എ സംസ്‌ഥാന പ്രസിഡന്റ് എസ്.കെ.എം ബഷീര്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയോടെ ആരംഭിച്ച സംസ്‌ഥാന സമ്മേളനത്തില്‍ വി.ശശികല രക്‌തസാക്ഷി പ്രമേയവും ബി സുധര്‍മ്മ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്‌ഥാന പ്രസിഡന്റ് എസ്.കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ്, ജോയിന്റ് കൌണ്‍സില്‍ സംസ്‌ഥാന സെക്രട്ടറി കെ.മുകുന്ദന്‍, സംസ്‌ഥാന വൈസ് ചെയര്‍മാന്‍ വി.വി.ഹാപ്പി, സംസ്‌ഥാന ട്രഷറര്‍ എം.എസ് സുഗൈദകുമാരി, ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ സെക്രട്ടറി ആര്‍. ബിജുമോന്‍, സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദുരാജന്‍, സംസ്‌ഥാന കമ്മറ്റി അംഗം സി.മനോജ്‌കുമാര്‍, കെ.ആര്‍.ഡി.എസ് എ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.ആര്‍.ഡി.എസ്.എ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി. ശ്രീകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ടും സംസ്‌ഥാന ട്രഷറര്‍ ഹരിദാസ് ഇറവങ്കര കണക്കും അവതരിപ്പിച്ചു. ഇന്ന് രാവിലെ 10 ന് രണ്ടാം സെറ്റില്‍മെന്റ് നിയമവും അധിക ഭൂമിയുടെ ക്രമവല്‍ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി അഡ്വ. റോഷി അഗസ്‌റ്റിന്‍ ഉദ്‌ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ജയശ്‌ചന്ദ്രന്‍ കല്ലിംഗല്‍ വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഇന്നലെയുടെ നായകര്‍ക്കൊപ്പം സി.പി.ഐ സംസ്‌ഥാന അസിസ്‌റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്‌ഘാടനം ചെയ്യും.