-->
മൂന്നാര്‍: സഞ്ചാരികള്‍ക്ക് പുത്തന്‍ കാഴ്‌ചാ അനുഭവം സമ്മാനിച്ച കെ.എസ്.ആര്‍.ടി. സി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ വിജയത്തിന് പിന്നാലെ മൂന്നാറിലേക്ക് അനുവദിച്ച രണ്ടാമത്തെ ഡബിള്‍ഡക്കര്‍ ബസ് റോയല്‍ വ്യൂ 2.0 സര്‍വീസും ഗംഭീര വിജയത്തിലേക്ക്.
ആദ്യദിനമായ ഞായറാഴ്‌ച ആരംഭിച്ച സര്‍വീസില്‍ നിന്ന് തന്നെ 124 യാത്രക്കാരില്‍ നിന്നായി 42000 രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി നേടി യത്. വരുംദിവസങ്ങള്‍ മൂന്നാറിന് ഉത്സവ പ്രതീതി നല്‍കുന്ന പൊങ്കല്‍ നാളുകളാണ്. ഒരാഴ്‌ചയ്‌ക്കകം തമിഴ്‌നാട്ടില്‍ പൊങ്കല്‍ അവധി ആരംഭിക്കുന്നതോടെ വിനോദസ ഞ്ചാരികളുടെ തിരക്ക് ഉറപ്പാണ്.
ഈ സമയങ്ങളില്‍ രണ്ടു ബസുകളും പൂര്‍ണമായി സര്‍വീസ് നടത്തി കൂടുതല്‍ വരുമാനം നേടാന്‍ ആകും എന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ആദ്യ ഡബിള്‍ഡക്കര്‍ ബസ് സര്‍വീസിലൂടെ 1.25 കോടിയിലധികം രൂപ വരുമാനം നേടാന്‍ കഴിഞ്ഞു.
ഇതിനു പിന്നാലെയാണ് രണ്ടാമനെയും മൂന്നാറിലേക്ക് അനുവദിച്ചത്. രാവിലെ 8, 9, 11.30, ഉച്ചയ്‌ക്ക് 12.30, വൈകിട്ട് 3, 4 എന്നീ സമയങ്ങളില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലൂടെയുള്ള മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എല്ലാമാണ് ബസ് സര്‍വീസ് നടത്തുന്നത്.