-->
കട്ടപ്പന: വിലയില്ലായ്‌മ പ്രതിസന്ധിയാകുന്നതിനിടെ കാഞ്ചിയാര്‍ പാലാക്കടയില്‍ കര്‍ഷകരെ വലച്ച് കാട്ടുപന്നികള്‍. കഴിഞ്ഞദിവസം പാലക്കാട കാരക്കുന്നേല്‍ ടോമിച്ച ന്റെ കൃഷിയിടത്തിലെ 150 ഓളം ഏത്തവാഴ തൈകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വിലയില്ലായ്‌മയും രോഗബാധകളും കാലാവസ്‌ഥ വ്യതിയാനവും തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കാട്ടുപന്നികളും കര്‍ഷകര്‍ക്ക് വില്ലനാകുന്നത്. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്‌താണ് ടോമിച്ചന്‍ കൃഷിയുമായി മുമ്പോട്ട് പോകുന്നത്. ഒന്നരയേക്കര്‍ സ്‌ഥലം പാട്ടത്തിനെടുത്താണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. വാഴയോടൊപ്പം പാവലും കൃഷി ചെയ്‌തിട്ടുണ്ട്. കാട്ടുപന്നികള്‍ എത്തി വാഴ നശിപ്പിച്ചതിനൊപ്പം പാവലിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏത്തവാഴത്തൈകള്‍ പൂര്‍ണമായും നശിപ്പിച്ചാണ് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍നിന്നും മടങ്ങിയത്. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമാക്കി മുമ്പോട്ടുപോകുന്ന ആളായതിനാല്‍ ടോമിച്ചന് കൃഷി ഉപേക്ഷിക്കാനും സാധിക്കില്ല. സര്‍ക്കാരില്‍നിന്ന് ധനസഹായമെങ്കിലും ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. പ്രദേശത്ത് നാളുകളായി കാട്ടുപന്നി ആക്രമണം രൂക്ഷമാണ്. ഇതിനെതിരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്. പന്നികളുടെ ആക്രമണത്തില്‍ ലക്ഷങ്ങളുടെ നഷ്‌ടമാണ് കര്‍ഷകര്‍ നേരിടേണ്ടിവരുന്നത്. എന്നാല്‍ നാമമാത്രമായ നഷ്‌ട പരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും മുട്ടാപ്പോക്ക് ന്യായം നിരത്തി നഷ്‌ടപരിഹാരം നല്‍കാതെ ഒഴിവാക്കുകയാണെന്നും ആക്ഷേപമുണ്ട്.