-->
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നടതുറപ്പിന് എത്തുന്ന ഓരോരുത്തര്‍ക്കും പങ്കുവയ്‌ക്കാനുള്ളത് സുഗമദര്‍ശത്തിന്റെ നവ്യാനുഭവമാണ്. വിദൂരജില്ലകളില്‍ നിന്നു ഗതാഗതകുരുക്കും മറ്റു തടസങ്ങളും പ്രയാസങ്ങളും നേരിട്ടെത്തുന്ന ഭക്‌തര്‍ക്ക് തിരുവൈരാണിക്കുളത്ത് തിരക്കിനിടയിലും നീണ്ട കാത്തിരിപ്പില്ലാതെ അനായാസമായി തൊഴുതിറങ്ങാന്‍ സാധിക്കുന്നത് വലിയ ആശ്വാസമാണ്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്‌തര്‍ക്ക് ദേവീദര്‍ശനം പോലെതന്നെ പ്രാധാന്യമാണ് ഇവിടത്തെ അന്നദാനവും. ദൂരദേശങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരെ സ്വകാര്യ ഭക്ഷ്യശാലകള്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ക്ഷേത്ര ട്രസ്‌റ്റ് അന്നദാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് അന്നപൂര്‍ണ്ണേശ്വരീദേവിയായ ശ്രീപാര്‍വ്വതീദേവിയുടെ പ്രസാദമായാണ് ഭക്‌തര്‍ അന്നദാനത്തെ കാണുന്നത്. കുത്തരിക്കഞ്ഞിയും പുഴുക്കുമാണ് ക്ഷേത്രത്തിലെ അന്നദാന വിഭവങ്ങള്‍.
രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ഇതു ലഭിക്കും. കാച്ചില്‍, ചേന, കായ, കപ്പ, വന്‍പയര്‍ എന്നിവ ചേര്‍ത്താണ് പുഴുക്ക് തയാറാക്കുന്നത്. ചൂടുകഞ്ഞിയും പുഴുക്കും ശരീരികക്ഷീണം അകറ്റുകമാത്രമല്ല പോഷകമൂല്യം ഏറിയതുമാണ്. സാധാരണ ദിവസങ്ങളില്‍ 800 കിലോ കുഞ്ഞരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുന്നത്. കാച്ചിലും ചേനയും കായയുമൊക്കെ 800 കിലോ വീതം വേണ്ടി വരും. ശനി, ഞായര്‍ ദിവസങ്ങളില്‍ അളവ് ഇതിലും കൂടും. തീരുന്നതിനൊത്ത് ഇവ പാചകം ചെയ്‌തുകൊണ്ടിരിക്കും. തലേദിവസം രാത്രി തന്നെ കിഴങ്ങും പച്ചക്കറികളും അരിഞ്ഞു വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള തയാറെടുപ്പുകള്‍ നടത്തും. പുലര്‍ച്ചെ പാചകം ആരംഭിക്കും. പച്ചക്കറികള്‍ നന്നാക്കുന്നതിനും പാചകത്തിനും വിളമ്പലിനും ശുചീകരണത്തിനുമായി എഴുപതോളം പേരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവൈരാണിക്കുളം ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകരില്‍ നിന്നാണ് പുഴുക്കിനുള്ള സാമഗ്രികള്‍ സമാഹരിക്കുന്നത്.
അന്നദാന മണ്ഡപത്തില്‍ ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ അന്നദാനമുണ്ടാകും. അന്നദാന നിധിയിലേക്ക് ഭക്‌തര്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. അധികമായി വരുന്ന തുക ക്ഷേത്ര ട്രസ്‌റ്റ് വഹിക്കും. ഭക്‌തരുടെ അകമഴിഞ്ഞ സഹകരണം അന്നദാനനിധിയിലേക്ക് ഉണ്ടാകുന്നുണ്ട്.
ഭക്‌തരുടെ സഹായത്തോടെ ക്ഷേത്ര ട്രസ്‌റ്റ് നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് മംഗല്യം. നിര്‍ധന യുവതികളുടെ വൈവാഹിക സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ക്ഷേത്ര ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള മംഗല്യനിധിയിലേക്ക് ഭക്‌തര്‍ നല്‍കുന്ന സംഭാവന വിനിയോഗിച്ചാണ് ഇതു നടപ്പാക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം നടക്കാത്ത യുവതികളുടെ താലിമാല, വിവാഹവസ്‌ത്രം, സദ്യ എന്നിവ അടക്കമുള്ള ചിലവ് ക്ഷേത്ര ട്രസ്‌റ്റ് ഏറ്റെടുത്തു നടത്തുന്നതാണ് മംഗല്യം പദ്ധതി. 2013 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം 131 യുവതികള്‍ സുമംഗലികളായിട്ടുണ്ട്. ഭക്‌തജന തിരക്കേറിയ ഇന്നലെ അയല്‍സംസ്‌ഥാനങ്ങളില്‍ നിന്ന് ഏറെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രി തലൈവി സുന്ദരം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.പി. അനില്‍കുമാര്‍, ഐജി ഗോകുലത്ത് ലക്ഷ്‌മണ എന്നിവര്‍ ഇന്നലെ ദര്‍ശനം നടത്തി.