-->
ആലപ്പുഴ: ശവക്കോട്ടപാലത്തിന് സമീപത്തെ വാടക്കനാലില്‍നിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. വ്യാഴാഴ്‌ച രാവിലെ 11.30നാണ് സംഭവം. വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിനോട് ചേര്‍ന്ന് വലിയപാമ്പിനെ കണ്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പാമ്പുപിടുത്തക്കാരന്‍ ആലപ്പുഴ മുല്ലയ്‌ക്കല്‍ നെല്ലിയാകുന്നേല്‍ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ ഒരോന്നിനെയും പിടികൂടിയത്.
വലിപ്പമേറിയ പാമ്പിനെ കാണാന്‍ നാട്ടുകാരും തടിച്ചുകൂടി. അരമണിക്കൂറിലേറെ സമയമെടുത്താണ് ഓരോന്നിനെയും കരക്കെത്തിച്ചത്. പിടികൂടുന്നതിനിടെ ഒരുപാമ്പ് ചീറിയടുത്തത് ആശങ്കക്കിടയാക്കി. മൂന്നുപാമ്പുകളെ വലയിലാക്കി പാമ്പുപിടുത്തക്കാരന്‍ പോയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോയില്ല. വീണ്ടും പാമ്പുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ തെരച്ചിലിനിറങ്ങി. ഇതിനിടെ പുല്ലില്‍ കിടന്ന വലിയപാമ്പിനെയും നാട്ടുകാര്‍ പിടികൂടി അധികൃതര്‍ക്ക് കൈമാറി. ഒരേസ്‌ഥലത്തുനിന്ന് ഇത്രയും പാമ്പുകളെ പിടികൂടുന്നത് അപൂര്‍വമാണ്. കായലിലെ ആവാസ്‌ഥവ്യവസ്‌ഥയില്‍ വളരുന്ന ഇത്തരം പാമ്പുകള്‍ ആലപ്പുഴയില്‍ സര്‍വസാധാരണമാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇരുമ്പുപാലത്തിനു സമീപത്തെ കൊമേഴ്‌സ്യല്‍ കനാലില്‍നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
പള്ളാത്തുരുത്തി കായലിനോട് ചേര്‍ന്നും സമീപത്തെ പാടശേഖരങ്ങളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. പിടികൂടിയ പെരുമ്പാമ്പുകളെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ റാന്നിയിലെ വനത്തില്‍ തുറന്നുവിടും.
പാമ്പുകളെ തല്‍ക്കാലം ആലപ്പുഴയിലെ സോഷ്യല്‍ ഫോറസ്‌റ്ററി ഓഫീസില്‍ സൂക്ഷിച്ച ശേഷം അടുത്ത ദിവസം റാന്നി ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറും.