-->
പൊന്നാനി: വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശത മറികടക്കുന്നതിനാവശ്യമായ മെഡിക്കല്‍ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി മെഡിക്കല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ വയോമിത്രം പദ്ധതിയും ജില്ലാ സാമൂഹ്യ നീതി വകുപ്പും സംയുക്‌തമായി അലിംകോയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ്റിഎണ്‍പതോളം പേര്‍ പങ്കെടുത്തു. ആവശ്യമായ മുഴുവന്‍ പേര്‍ക്കും ഉപകരണങ്ങള്‍ കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. പുതിയ ഭരണസമിതി ചുമതലയേറ്റശേഷം വയോജനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കൈമാറികൊണ്ടായിരുന്നു നഗരസഭയുടെ പൊതുപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. പൊന്നാനി ആര്‍.വി. ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ ഉദ്‌ഘാടനം ചെയ്‌തു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി. സക്കീര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ മുഹമദ് അമീന്‍, അലിംകോ പി ആന്റോ ഓഫിസര്‍മാരായ മനോജ് ശര്‍മ്മ, അഭിഷേക് കുമാര്‍ ആനന്ദ് പ്രസംഗിച്ചു. നഗരസഭ വയോമിത്രം പദ്ധതി കോ ഓഡിനേറ്റര്‍ മുഹമ്മദ് റാഫി സ്വാഗതവും കുടുംബശ്രീ സി.ഡി.എസ്. ധന്യ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നഗരസഭ കൗണ്‍സിലര്‍മാരുടെയും ട്രോമോ കെയര്‍ പ്രവര്‍ത്തകരുടെയും വളണ്ടിയര്‍ പ്രവര്‍ത്തനം സഹായകരമായി.