-->
പേരാമ്പ്ര: പാലേരി കുയിമ്പില്‍ കരുവാന്‍കണ്ടിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്‌ജിതം. ഫോടനത്തില്‍ കടിയങ്ങാട് സ്വദേശി അനില്‍കുമാറിന് പരിക്കേറ്റത്. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് വെടിമരുന്നും ചാക്ക് നൂലും കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് സ്‌ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര സബ് ഇന്‍സ്‌പെക്‌ടര്‍ പി. സനദിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ സ്‌ഥലം സന്ദര്‍ശിച്ചു.