-->
നാട് ഗാഢനിദ്രയിലാണ്ട് നില്‍ക്കുന്ന പുലര്‍ച്ചെ നാല് മണി. അലാറം മുഴങ്ങുന്നതിനും മുന്‍പേ നാട്ടിലെ പല വീടുകളിലും വെളിച്ചം തെളിയും. അത് ഒരു ശീലമാണ്. മൂന്നും നാലുംപതിറ്റാണ്ടുകളായി തടസമില്ലാതെ തുടരുന്ന ജീവിതചര്യ.
മഴ കനത്താലും വെയില്‍ പൊള്ളിച്ചാലും മാറ്റമില്ലാത്ത നിശ്‌ചയദാര്‍ഢ്യത്തോടെ, ഇരുട്ടിനെ കൂട്ടുപിടിച്ച് അവര്‍ യാത്ര തുടങ്ങുന്നു. ഓരോ വീട്ടുപടിക്കലും ലോകവിശേഷങ്ങള്‍ എത്തിക്കാന്‍. ബാലന്‍ കൈതോട്ട്, ബാബു കോട്ടനട, ശിവദാസന്‍ പുത്തൂര്‍വട്ടം, ഷൈജു കുട്ടിക്ക, വിദ്യാബന്ധു രവി നായര്‍, ഷാജി ഊന്തന്‍കണ്ടി, സതീശന്‍ തുടങ്ങിയ എത്രയോ പേര്‍ കേവലം പത്രവിതരണക്കാരല്ല, പ്രഭാതങ്ങളെ വാര്‍ത്തകളിലൂടെ വിളിച്ചുണര്‍ത്തുന്ന സാരഥികളാണ്. മുപ്പത്തിയഞ്ചു വര്‍ഷത്തിലേറെയായി സൈക്കിള്‍ ചവിട്ടിയും നടന്നും ഇവര്‍ താണ്ടിയ ദൂരത്തിന് കണക്കില്ല.
ഡിജിറ്റല്‍ യുഗത്തില്‍ വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തുമ്പോഴും, മഷിമണമുള്ള പത്രം കൃത്യസമയത്ത് വീട്ടുപടിക്കല്‍ എത്തണമെന്ന ഇവരുടെ വാശിക്ക് ഇന്നും കുറവില്ല.
തലച്ചുമടില്‍ നിന്ന് സൈക്കിളിലേക്കുള്ള യാത്ര ഇന്നത്തെപ്പോലെ സൗകര്യങ്ങളില്ലാതിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളാണ്. സൈക്കിളുകള്‍ പോലും ലഭ്യമല്ലാതിരുന്ന ദിവസങ്ങളില്‍ കിലോമീറ്ററുകളോളം പത്രക്കെട്ടുകള്‍ തലച്ചുമടായി ചുമന്ന് നടന്നിരുന്ന പത്രവിതരണത്തിന്റെ കഠിനാധ്വാന കഥകള്‍ പലര്‍ക്കുമുണ്ട്. പാര്‍ട്ടി കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ പിതാവായ മണ്‍മറഞ്ഞ കെ.കെ മാധവേട്ടന്‍ ദേശാഭിമാനി പത്രം തലച്ചുമടായി വിതരണം ചെയ്‌തിരുന്ന ഓര്‍മ്മകള്‍ പഴമക്കാര്‍ ഇന്നും ആവര്‍ത്തിക്കുന്നു. ആ നടപ്പാതകളില്‍ നിന്നാണ് പിന്നീട് സൈക്കിള്‍ പെഡലുകളിലേക്കും ഇന്നത്തെ അചഞ്ചലമായ നിശ്‌ചയദാര്‍ഢ്യത്തിലേക്കും ഈ തൊഴില്‍ വളര്‍ന്നത്. ഇന്ധനവിലയോ യന്ത്രങ്ങളുടെ വേഗതയോ ഇവരെ ബാധിക്കുന്നില്ല. ഇന്നും സൈക്കിളിനെ കൂട്ടുപിടിച്ച് പത്രം വിതരണം ചെയ്ുന്നവര്‍ പരിസയ്‌ഥിതി സൗഹൃദമായ ഒരു സന്ദേശം കൂടി സമൂഹത്തിന് നല്‍കുന്നു. രോഗങ്ങളെ തോല്‍പ്പിച്ച പുലര്‍കാല സവാരി പതിറ്റാണ്ടുകളായുള്ള ഈ പുലര്‍കാല സവാരി ഇവര്‍ക്ക് സമ്മാനിച്ചത് മികച്ച ആരോഗ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ പലരെയും കീഴ്‌പ്പെടുത്തുമ്പോഴും, പുലര്‍ച്ചെയുള്ള ശരീരചലനവും കൃത്യനിഷ്‌ഠയും ഇവരെ കരുത്തരാക്കി നിലനിര്‍ത്തുന്നു.
പത്രവിതരണത്തിന് ശേഷം പകല്‍ മുഴുവന്‍ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോഴും തളര്‍ച്ചയില്ലാത്ത ആ മുഖങ്ങള്‍ ഈ അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്നു. വാര്‍ത്താവാഹകരല്ല, കുടുംബാംഗങ്ങള്‍ പല വീടുകളിലും ഇവര്‍ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. ഓരോ വീടിന്റെയും വിശേഷങ്ങള്‍ മൗനമായി തൊട്ടറിയുന്നവര്‍. എന്നെങ്കിലും ഒരാള്‍ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തേ ഇന്ന് പത്രം വന്നില്ല? എന്നതിലുപരി അയാള്‍ക്ക് എന്തെങ്കിലും പറ്റിയോ? എന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുണ്ടാകുന്നത്. ആ ആത്മബന്ധമാണ് ഈ തൊഴിലില്‍ ഇന്നും ഇവരെ ഉറച്ചുനിര്‍ത്തുന്നത്. ആരുടെയും കൈയ്യടികള്‍ക്കോ വലിയ അംഗീകാരങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ, അര്‍പ്പണബോധത്തിന്റെ പതിറ്റാണ്ടുകള്‍ പിന്നിട്ട് ഇവര്‍ ഇന്നും യാത്ര തുടരുകയാണ്. പത്രസ്‌ഥാപനങ്ങള്‍ അവധി നല്‍കുന്ന ദിവസങ്ങള്‍ മാത്രമാണ് ഇവരുടെ ജീവിതത്തിലെ വിശ്രമദിനങ്ങള്‍. പത്രമില്ലാത്ത ദിവസമൊഴികെ, മറ്റൊരു സാഹചര്യം പോലും ഈ പുലര്‍കാല യാത്രയില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചിട്ടില്ല. നിശബ്‌ദമായി പ്രഭാതങ്ങളെ ഉണര്‍ത്തുന്ന ഈ സൈന്യം, വാര്‍ത്തയുടെ വിശ്വാസ്യതയും മനുഷ്യബന്ധങ്ങളുടെ ചൂടും ഒരുപോലെ കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്നും മുന്നേറുകയാണ്.
കരുണന്‍ വൈകുണ്‌ഠം
ബാലുശേരി