-->
ആലപ്പുഴ: ഭരണം നഷ്‌ടപ്പെട്ടെങ്കിലും ആലപ്പുഴ നഗരസഭ സ്‌ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തിരിച്ചടി. എസ്.ഡി.പി.ഐ. പിന്തുണയോടെ സ്‌ഥിരം സമിതിയിലേക്ക് മത്സരിച്ച എല്‍.ഡി.എഫ്. വനിതകള്‍ വിജയിച്ചു. ഇന്നലെ രാവിലെ ആറു സ്‌ഥിരം സമിതിയിലെ വനിതസംവരണസീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് മുല്ലാത്തുവളപ്പ് വാര്‍ഡിലെ എസ്.ഡി.പി.ഐ. അംഗം സാഹിലമോള്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്‌തത്. വോട്ടുവേണ്ടെന്ന നിലപാട് ഇടതുമുന്നണി സ്വീകരിച്ചില്ല. എല്‍.ഡി.എഫുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണ് എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം.
സ്‌ഥിരം സമിതികളായ ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യം എന്നിവ യു.ഡി.എഫും വികസനം, ക്ഷേമകാര്യം എല്‍.ഡി.എഫും സ്വന്തമാക്കി. നാല് അംഗങ്ങള്‍ വീതം തുല്യത പാലിച്ച വിദ്യാഭ്യാസം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് സ്‌ഥിരംസമിതികളായ ധനകാര്യത്തിലും വികസനത്തിലും അംഗങ്ങള്‍ കുറവാണ്. അതിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച രാവിലെ 10.30ന് കൗണ്‍സില്‍ ഹാളില്‍ ചേരും. സ്‌ഥിരം സമിതി അംഗങ്ങളുടെ എണ്ണം ഉറപ്പാക്കിയശേഷം തിങ്കളാഴ്‌ച സ്‌ഥിരംസമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കും.
ഉച്ചയ്‌ക്കുശേഷം ജനറല്‍ വിഭാഗത്തിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം സമിതിയിലേക്ക് ഒമ്പതുപേരെയും പൊതുമരാമത്ത്, വിദ്യാഭ്യാസം സമിതിയിലേക്ക് എട്ടുപേരെയും വീതമാണ് വേണ്ടത്. ഓരോസമിതിയിലേക്കും ചേര്‍ക്കണമെന്ന് കാണിച്ച് അംഗങ്ങള്‍ കത്തുനല്‍കിയിരുന്നു. ഇതില്‍ പൊതുമരാമത്തിലും വിദ്യാഭ്യാസത്തിലും ആളുകള്‍ കൂടുതലായതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നു. ധനകാര്യസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് എസ്.ഡി.പി.ഐ. അംഗംവിട്ടുനിന്നത്. ബാക്കിയുള്ള വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമം അടക്കമുള്ള തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. എല്‍.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്‌തു. അതേസമയം വോട്ടെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്യത പാലിച്ചതിനാല്‍ ചിലതിന് നറുക്കെടുപ്പും വേണ്ടിവന്നു. ആകെയുള്ള 53 അംഗങ്ങളില്‍ 24 പേര്‍ യു.ഡി.എഫിനും 23 പേര്‍ എല്‍.ഡി.എഫിനും അഞ്ച് പേര്‍ ബി.ജെ.പിക്കുമുണ്ട്. ഒരാള്‍ വീതം എസ്.ഡി.പി.ഐക്കും പി.ഡി.പിക്കുമുണ്ട്. പി.ഡി.പി അംഗം എസ്. ഫൈസല്‍ എല്‍.ഡി.എഫിനെയാണ് പിന്തണച്ചത്. സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് വൈസ് ചെയര്‍മാനായി. ധനകാര്യത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.കെ.ജയമ്മയും ബി.ജെ.പിയിലെ പ്രേമ ഉദയകുമാറുമാണ് മത്സരിച്ചത്. കെ.കെ. ജയമ്മ 23 വോട്ട് നേടി വിജയിച്ചു.
ബി.ജെ.പിക്ക് നാലുവോട്ടാണ് കിട്ടിയത്. ആരോഗ്യപ്രശ്‌നത്താല്‍ കളര്‍കോട് വാര്‍ഡില്‍ നിന്നുള്ള ബി.ജെ.പി അംഗം ദീപ്‌തി ഉണ്ണികൃഷ്‌ണന്‍ ഹാജരായില്ല. യു.ഡി.എഫിലെ 25 വോട്ടുകളും വോട്ട് അസാധുവാക്കി. വികസന സ്‌ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ സതീദേവി, യു.ഡി.എഫിലെ ശ്രീലത ജയകുമാര്‍, ബി.ജെ.പിയിലെ പ്രേമ ഉദയകുമാര്‍ എന്നിവരാണ് മത്സരിച്ചത്. ഇതില്‍ 24വോട്ട് നേടിയ സതീദേവി വിജയിച്ചു.
യു.ഡി.എഫിലെ ശ്രീലതക്ക് 23 വോട്ടും കിട്ടി. കോണ്‍ഗ്രസിലെ നൂറുദ്ദീന്‍ കോയയുടെ വോട്ട് അസാധുവായി. പൊതുമരാമത്ത് സ്‌ഥിരം സമിതി വോട്ടെടുപ്പില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ സി. ജ്യോതിമോള്‍ വിജയിച്ചു. ജ്യോതിമോളും എല്‍.ഡി.എഫിലെ ബിന്ദു തോമസും 24 വീതം വോട്ടുകള്‍ നേടിയാണ് തുല്യത പാലിച്ചത്. ബി.ജെ.പിയിലെ ജിജി വി. ആണ് മത്സരിച്ചത്. ആരോഗ്യസ്‌ഥിരം സമിതിയിലേക്ക് 24 വോട്ട് നേടി കോണ്‍ഗ്രസിലെ സി.എസ്. ഷോളി വിജയിച്ചു. എല്‍.ഡി.എഫിലെ ബീന ജോസഫ് ആയിരുന്നു എതിരാളി.
വിദ്യാഭ്യാസം സ്‌ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സൗമ്യരാജ് വിജയിച്ചു. യു.ഡി.എഫിലെ ഷംന മന്‍സൂറുമായിട്ടായിരുന്നു മത്സരം. 24വീതം വോട്ടുകള്‍ നേടിയ തുല്യത പാലിച്ചതോടെ നറുക്കെടുപ്പില്‍ സൗമ്യരാജ് വിജയിക്കുകയായിരുന്നു. ക്ഷേമകാര്യസമിതില്‍ എല്‍.ഡി.എഫിന്റെ രശ്‌മി സനില്‍, മുസ്ലിം ലീഗിലെ ബീന കൊച്ചുബാവ എന്നിവര്‍ തമ്മിലായിരുന്നു മത്സരം. ഇതിലും തുല്യതപാലിച്ചതോടെ എല്‍.ഡി.എഫിലെ രശ്‌മി നറുക്കെടുപ്പിലൂടെ വിജയം നേടി. വരണാധികാരി സബ്‌കലക്‌ടര്‍ സമീര്‍ കിഷന്‍, മുനിസിപ്പല്‍ സെക്രട്ടറി സനില്‍കുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.