-->
കുട്ടനാട്: യു.ഡി.എഫ്. അംഗം വോട്ട് മാറ്റി ചെയ്‌തതിനെ തുടര്‍ന്ന് രാമങ്കരി ഗ്രാമ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി. തെരഞ്ഞെടുപ്പു നടന്ന നാല് സ്‌റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഒരെണ്ണത്തില്‍ മാത്രമേ ഭൂരിപക്ഷം നേടാന്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി. എഫിന് കഴിഞ്ഞുള്ളൂ.
14 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് 6, എല്‍.ഡി. എഫ് 4, എന്‍.ഡി.എ. 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്‌റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള വനിതാ സംവരണ പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മൂന്ന് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ധനകാര്യ കമ്മിറ്റിയിലേക്ക് ആരും നാമനിര്‍ദേശപത്രിക നല്‍കാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഇന്നലത്തേക്ക് മാറ്റിവച്ചു. ഇന്നലെയും ആരും പത്രിക നല്ലാതിരുന്നതിനാല്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീണ്ടു. ഒരു കമ്മിറ്റിയിലും അംഗമാകാതിരുന്ന യു.ഡി.എഫിലെ അനു.ടി.സേവ്യര്‍, എല്‍.ഡി.എഫിലെ നിഷാ സരിന്‍ കുമാര്‍, എന്‍.ഡി.എ യിലെ ശാലിനി ബിജു എന്നിവരെ റിട്ടേണിങ് ഓഫീസര്‍ ചട്ട പ്രകാരം സ്‌ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ക്ഷേമ കാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പത്രിക നല്‍കിയ അനു.റ്റി.സേവ്യര്‍ ധനകാര്യ കമ്മിറ്റിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ വേണ്ടി പ്രസിഡന്റ് ജോസി ഡൊമനിക്കിന്റെ നിര്‍ദ്ദേശ പ്രകാരം യു.ഡി. എഫ് അംഗങ്ങള്‍ നിഷാ സരിന്‍ കുമാറിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങളും എന്‍.ഡി.എ അംഗങ്ങളും യു.ഡി.എഫ് സ്‌ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തു. ഒപ്പം യു.ഡി.എഫിലെ ബേബി ജോര്‍ജും വോട്ട് ചെയ്‌തതോടെ 6 ന് എതിരെ 8 വോട്ട് നേടി അനു ടി. സേവ്യര്‍ ധനകാര്യ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്‌റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ട യു.ഡി.എഫ് . അംഗങ്ങള്‍ ഇറങ്ങിപ്പോയി.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നിഷാ സരിന്‍ കുമാറും ധനകാര്യ കമ്മിറ്റിയിലേക്ക് സുശീലന്‍, ശാലിനി ബിജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എല്‍. ഡി.എഫും എന്‍.ഡി.എയും ഒരുമിച്ചതായി യു.ഡി. എഫ് നേതൃത്വം ആരോപിച്ചു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ക്ക് റിട്ടേണിങ് ഓഫീസര്‍ ജയന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഭാമ എന്നിവര്‍ നേതൃത്വം നല്‍കി.