-->
പുല്‍പ്പള്ളി: ഭക്‌തിനിര്‍ഭരമായ ആറാട്ടോടെ സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി. പട്ടണപ്രദക്ഷിണത്തോടെയാണ് സമാപനമായത്. ചൊവ്വാഴ്‌ച രാത്രി 7.30 ഓടെയായിരുന്നു ആനപ്പുറത്ത് ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പ ടിയോടെ മൂലസ്‌ഥാനമായ ചേടാറ്റിന്‍കാവിലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തിയത്.
ചേടാറ്റിന്‍കാവിലെ പൂജകള്‍ക്കുശേഷം പട്ടണപ്രദക്ഷിണം ചെയ്‌ത്, തിടമ്പ് ക്ഷേത്രക്കുള കടവിലെത്തിച്ചു. തന്ത്രി ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരിയുടെമുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
തിടമ്പ് ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം ക്ഷേത്ര മുറ്റത്തെ കൊടിയിറക്കി. സമാപന സമ്മേളനത്തില്‍ മികച്ച പ്രാദേശികതാലങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ദേവസ്വം ട്രസ്‌റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, ജനറല്‍ സെക്രട്ടറി വിക്രമന്‍ എസ്. നായര്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്‌ണന്‍ നായര്‍ സംസാരിച്ചു. ആറാട്ടെഴുന്നള്ളിപ്പിനു മുന്‍പായി ഉത്സവ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണിലെ റോഡും പരിസരവും വൃത്തിയാക്കി.
ചൊവ്വാഴ്‌ച വൈകുന്നേരമാണ് വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പാതയോരത്തെ മാലിന്യം നീക്കം ചെയ്‌ത്, റോഡുമുഴുവന്‍ വെള്ള മുപയോഗിച്ച് കഴുകി വൃത്തിയാക്കിയത്. 200-ഓളം വൊളന്റിയര്‍മാരാണ് ഉത്സവത്തിന് കൊടിയേറിയതു മുതല്‍ കഴിഞ്ഞ അഞ്ചുദിവസം ക്ഷേത്രത്തില്‍ സേവനമനുഷ്‌ഠിച്ചത്.