-->
കോന്നി : യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ടാക്രമിച്ച കേസില്‍ നാലാം പ്രതി അറസ്‌റ്റിലായി.അരുവാപ്പുലം കൊക്കാത്തോട് പുത്തന്‍വീട് അറബില്‍ലാന്‍ഡില്‍ നിഹാസ് നാസര്‍ (20) ആണ് അറസ്‌റ്റിലായത്. നാലിനു വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ പ്രതികള്‍ പുളിഞ്ചാണി ജംഗ്‌ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ വളയുകയും അസഭ്യം പറഞ്ഞുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പ്രതികളിലൊരാള്‍ യുവാവിന്റെ ഭാര്യാസഹോദരനെ മുമ്പ് ദേഹോപദ്രവം ഏല്‍പ്പിച്ചതിനെപ്പറ്റി ചോദിച്ചതിലുളള വിരോധമാണ് സംഘം ചേര്‍ന്ന് ആക്രമിക്കാനിടയാക്കിയത്. സബ് ഇന്‍സ്‌പെക്‌ടര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ രഞ്‌ജിത്ത്‌കുമാര്‍ എന്നിവരടങ്ങിയ സംഘം കുമ്മണ്ണൂരില്‍ നിന്നും പിടികൂടുകയായിരുന്നു. മറ്റു പ്രതികളെല്ലാം ഒളിവിലാണ്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.