-->
ഹരിപ്പാട്: ചോറൂണിനായി ക്ഷേത്രത്തില്‍ എത്തിച്ച കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്നും ആനയുടെ കാല്‍ച്ചുവട്ടില്‍ വീണു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചോറൂണിനായിട്ടാണ് കുഞ്ഞിനെ കൊണ്ടുവന്നത്.
ചടങ്ങിനുശേഷം ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ സ്‌കന്ദന്റെ സമീപത്തേക്ക് കുഞ്ഞിനെ കൊണ്ടുവന്നു.
സമീപത്തുണ്ടായിരുന്ന ആരോ തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയെ ആനയുടെ തുമ്പിക്കൈയ്‌ക്ക് അടിയിലൂടെ കൊണ്ടുപോകുന്നതും ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് പാപ്പാന്റെ കൈയില്‍നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണത്. പെട്ടെന്ന് പാപ്പാന്‍ കുഞ്ഞിനെ എടുത്ത് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. ആനയുടെ രണ്ടാം പാപ്പാനായ അഭിലാഷിന്റെ കുഞ്ഞാണിത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ഹരിപ്പാട് സ്‌കന്ദന്‍ എന്ന ഈ ആന അക്രമാസക്‌തനായത്. ആനയുടെ പുറത്തിരുന്ന രണ്ടുപേരെയും ആന വലിച്ച് താഴേക്ക് ഇടുകയും ഒന്നാം പാപ്പാനെ കൊലപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയക്കാന്‍ ശ്രമിച്ചു.
ഇയാളെയും ഇതേ രീതിയില്‍ ആന ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. കുഞ്ഞ് ആനയുടെ മുന്‍പിലേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുട്ടിയുമായി എത്തിയ പാപ്പാന്‍ അഭിലാഷിനെ ജോലിയില്‍നിന്നും മാറ്റിനിര്‍ത്തി.
ആനയുടെ അടിയിലൂടെ കുട്ടിയുമായി നടന്നത് പേടിമാറാന്‍ വേണ്ടിയാണെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.