-->
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. ദേവസ്വം ബോര്‍ഡ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണു പോലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായത്.
ഓഫീസിലേക്കു മതില്‍ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. പ്രതിരോധത്തിനിടെ പോലീസ് പ്രവര്‍ത്തകരിലൊരാളുടെ തലയ്‌ക്കടിച്ചു എന്നാരോപിച്ചാണു സംഘര്‍ഷമുണ്ടായത്.
തകര്‍ന്നു കിടക്കുന്ന മതിലിനിടയിലൂടെ പോലീസിന്റെ ഷീല്‍ഡ് തകര്‍ക്കാനും ഉള്ളിലേക്ക് കയറാനും ശ്രമമുണ്ടായതോടെ പോലീസ് തടഞ്ഞു.
തുടര്‍ന്നു പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌തു നീക്കുകയായിരുന്നു. അറസ്‌റ്റിനിടെയും പ്രതിഷേധമുണ്ടായി. അറസ്‌റ്റിലായ ഒമ്പതു പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ഉദ്‌ഘാടനം ചെയ്‌തു.
ശബരിമലയിലെ സ്വത്ത് അപഹരിക്കാന്‍ സി.പി.എം. നേരത്തെ ശ്രമം തുടങ്ങിയിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള സി.പി.എം. നേതാക്കള്‍ക്കു വിഷയത്തില്‍ നിന്നു മാറിനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ അധ്യക്ഷനായി.