-->
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ മാലിന്യ സംസ്‌കരണ രീതികള്‍ക്കു ശാസ്‌ത്രീയ അടിത്തറ വേണമെന്ന ആവശ്യം ഉയരുന്നു. ഇപ്പോള്‍ അധികാരത്തില്‍ വന്ന ഭരണസമിതിക്കു വലിയ ബാധ്യതയായി വന്നിരിക്കുകയാണു നഗരത്തിലെ മാലിന്യ പ്രശ്‌നം. വികേന്ദ്രികൃത മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇതിനായി കൂടുതല്‍ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്‌തമാകുന്നു.
2017-18 സാമ്പത്തിക വര്‍ഷം ലക്ഷങ്ങള്‍ ചെലവഴിച്ചു തുമ്പുര്‍മൂഴി മാതൃകയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് വേഴക്കാട്ടുചിറ ബസ് സ്‌റ്റാന്‍ഡ് പരിസരം, ടൗണ്‍ ഹാള്‍, മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ സ്‌ഥാപിച്ചെങ്കിലും ക്രായക്ഷമമായി പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ നഗരസഭ കഴിഞ്ഞില്ല. വായു നിര്‍ഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷ്‌മ ജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ചു വളമാക്കാനുതകുന്ന എയ്‌റോബിക് കമ്പോസ്‌റ്റിങ്ങ് രീതിയാണു തുമ്പുര്‍മൂഴി മാതൃക. ഹരിത വാതകങ്ങള്‍ ഏറ്റവും കുറവു മാത്രമേ ബഹിര്‍ഗമിപ്പിക്കുന്നുള്ളു. എന്നത് ഇത്തരം പ്ലാന്റുകളുടെ പ്രത്യേകതയാണ്. ഇതിനു പുറമെ പരിസ്‌ഥിതി സൗഹൃദവുമാണ്.
നിലവില്‍ ഫാത്തിമാപുരം ഡംബിങ് യാര്‍ഡില്‍ മാലിന്യപ്രശ്‌നം രൂക്ഷമാണ്. നഗരത്തിന്റെ പല ഭാഗത്തും മാലിന്യം അലക്ഷ്യമായി നഗരസഭ തന്നെ നിക്ഷേപിക്കുകയാണ്. പെരുന്ന ബസ് സ്‌റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടി യാത്രകാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി സംസ്‌കരണത്തിനു നടപടി സ്വീകരിക്കുന്നില്ല. മാര്‍ക്കറ്റ് ഭാഗത്തും മാലിന്യ പ്രശ്‌നം രൂക്ഷമാണ്. ബൈപാസില്‍ മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറികളില്‍ നിക്ഷേപിക്കുന്നതു പതിവു സംഭവമായിട്ടുണ്ട്. ളായിക്കാട് ബൈപാസ് ഭാഗത്തു നിരീക്ഷണ ക്യാമറ സ്‌ഥാപിക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കണം. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യം പാതയോരങ്ങളില്‍ ദിവസങ്ങളോളം ചാക്കില്‍ കെട്ടി കൂട്ടിവെക്കുന്നതു പതിവ് കാഴ്‌ചയാണ്.
നിരോധിത പ്ലാസ്‌റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പനയും കൈകാര്യവും ഇപ്പോഴും സുഗമമായി നടക്കുന്നു. ഫലപ്രദമായ മാലിന്യ സംസ്‌കരണം സാധ്യമാക്കുവാനുള്ള ബാധ്യത നഗരസഭ നിറവേറ്റണം. സംസ്‌ഥാനത്തു പല നഗരസഭകളും വിജയകരമായി തുമ്പൂര്‍മുഴി മാതൃക നടപ്പാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുമ്പൂര്‍മൂഴി മാതൃക നടപ്പാക്കിയാല്‍ നഗരത്തിലെ മാലിന്യ സംസ്‌കരണത്തിനു പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. മാലിന്യമുപയോഗിച്ചു ശാസ്‌ത്രീയമായ ലാന്‍ഡ് ഫില്ലിങ് സാഹചര്യം നഗരസഭക്കുണ്ടെങ്കിലും അതു കാര്യമായി പ്രയോജനപെടുത്തുന്നില്ല.
പെരുന്നയില്‍ അന്തരാക്ഷ്‌ട്ര സ്‌േറ്റഡിയത്തിനായി ഏറ്റെടുത്ത സ്‌ഥലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലാന്‍ഡ് ഫില്ലിങ് നടത്തി സ്‌റ്റേഡിയമായി മാറ്റുന്നതില്‍ നഗരസഭ മതയ്യാറായിട്ടില്ല.
ശുചിത്വനഗരമെന്നത് നഗരസഭയുടെ കാഴ്‌ചപ്പാടാണെന്നാണു പുതിയ ഭരണസമിതി പറയുന്നതെങ്കിലും ഇപ്പോള്‍ രാവിലെ പോലും റോഡുകള്‍ തൂക്കുന്നവരെപ്പോലും കാണാറില്ലെന്നും മാലിന്യപ്രശ്‌നം പ്രധാന അജണ്ടയായി മാറണമെന്നും മാലിന്യനിര്‍മാര്‍ജ്‌ജനം പ്രധാന അജണ്ടയായി എടുത്ത് നടപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.