-->
കോട്ടയം: അതിവേഗം തെരഞ്ഞെടുപ്പ് മൂഡിലേക്കു നീങ്ങുമ്പോള്‍ ജില്ലയില്‍ യു.ഡി.എഫിലെ സീറ്റുകള്‍ വച്ചുമാറാന്‍ സാധ്യത. കേരളാ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹവുമുണ്ട്. ഇടുക്കി ഉള്‍പ്പെടെ സമീപ ജില്ലകളിലെ ധാരണയുടെ കൂടി അടിസ്‌ഥാനത്തിലാകും സീറ്റുകള്‍ മാറുന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുക. അതേസമയം, സ്‌ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കും യു.ഡി.എഫ് കടക്കുമ്പോള്‍ ഓരോ മണ്ഡലത്തിലും സ്‌ഥാനാര്‍ഥിത്വത്തിനായി ശ്രമിക്കുന്നത് ഒന്നിലേറെ പേര്‍.
കഴിഞ്ഞതവണ കേരളാ കോണ്‍ഗ്രസ് മത്സരിച്ച ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹവും ഏറ്റെടുക്കണമെന്ന ആവശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ രണ്ടു സീറ്റുകള്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമായി വച്ചു മാറാമെന്നുള്ള ചര്‍ച്ചകളും നടക്കുന്നു. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം പൂഞ്ഞാര്‍ എന്ന രീതിയിലുള്ള ആലോചനകളും നടക്കുന്നതായാണു വിവരം. എന്നാല്‍, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്‌ഥിരീകരിക്കുന്നില്ല.
ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ക്കാണു പരിഗണന. കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍, ജയ്‌സണ്‍ ജോസഫ് എന്നിവരെ പരിഗണിക്കണമെന്നാണ് ആവശ്യം. ചങ്ങനാശേരിയില്‍ നിരവധി പേര്‍ സീറ്റ്‌് മോഹിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് തുടര്‍ന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച വി.ജെ. ലാലി, എം.പി. ജോസഫ് എന്നിവര്‍ സീറ്റ് ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ കെ.സി. ജോസഫ് മുതല്‍ അജീസ് ബെന്‍ മാത്യൂസ് വരെയുള്ളവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്.
വൈക്കത്ത് മണ്ഡലത്തിനു പുറത്തു നിന്നു സ്‌ഥാനാര്‍ഥി എത്തുമെന്നാണ് അഭ്യൂഹം. പൊതു സമ്മതനായ സ്‌ഥാനാര്‍ഥി വന്നാല്‍ മണ്ഡലം തിരികെ പിടിക്കാമെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിന്റെ പ്രതീക്ഷ. പൂഞ്ഞാറില്‍ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിനായി ശ്രമിക്കുന്നുണ്ട്. ഇവിടെയും സര്‍പ്രൈസ് സഥാനാര്‍ഥിയുടെ സൂചനകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു. കാഞ്ഞിരപ്പള്ളിയില്‍ പ്രാദേശിക നേതാക്കള്‍ക്കു പുറമേ മണ്ഡലത്തിനു പുറത്തു നിന്നുള്ള ഒന്നിലേറെ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും പരിഗണനയിലുണ്ട്. ഡി.സി.സി. നേതൃത്വത്തിലുള്ളവരും ഈ സീറ്റിനായി പരിശ്രമിക്കുന്നുണ്ട്.