-->
അമ്പലപ്പുഴ: മതമൈത്രിയുടെ പ്രതീകമായ എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം ഉണ്ണിക്കണ്ണന്റെ തിരുനടയില്‍നിന്ന് ശരണമുഖരിതമായ അന്തരീക്ഷത്തില്‍ യാത്രയായി. ഇന്നലെ പുലര്‍ച്ചെയാണ് അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര ത്തിന്റെ കിഴക്കേനടയില്‍നിന്ന് സംഘം യാത്ര തിരിച്ചത്. ശബരീശ ദര്‍ശനം നടത്തുന്നതിനും ആചാരപരമായ ചടങ്ങുകള്‍ നിര്‍വഹിക്കാനുമായാണ് അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്പലപ്പുഴ സംഘം സമൂഹപെരിയോന്‍ എന്‍. ഗോപാല കൃഷ്‌ണപിള്ളയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ചത്.
കര പെരിയോന്‍മാരുടെ കാര്‍മികത്വത്തില്‍ ഇരുമുടികെട്ട് നിറച്ച് സ്വാമിഭക്‌തര്‍ തിങ്കളാഴ്‌ച രാത്രി അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ക്ഷേത്ര ചുറ്റുവിളക്കുകള്‍ തെളിച്ച് പ്രത്യേക വഴിപാടുകളും നടത്തിയാണ് പത്തുനാള്‍ നീളുന്ന തീര്‍ഥാടനത്തിന് സംഘം യാത്ര തിരിച്ചത്. ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് പൂജിച്ച് സമൂഹ പെരിയോന് കൈമാറി. ഇതിനുശേഷം പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ തിടമ്പ് സ്‌ഥാപിച്ച് രഥ ഘോഷയാത്രയായി സംഘം യാത്ര തുടങ്ങി. രഥത്തിനു പിന്നാലെ ഇരുമുടികെട്ടേന്തി 250 സ്വാമിഭക്‌തരും അണിനിരന്നു.
മുന്‍ സമൂഹ പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സംഘത്തെ യാത്രയാക്കി. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായി 250 അംഗങ്ങളാണ് സംഘത്തിനൊപ്പം ഉണ്ടാകുക. ഇതില്‍
40 പേര്‍ മാളികപ്പുറങ്ങളാണ്. ആദ്യദിനം തകഴി ശ്രീധര്‍മ്മശാസ്‌താക്ഷേത്രത്തില്‍ വിശ്രമിച്ച് രണ്ടാംദിനം ആനപ്രമ്പാല്‍ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനുശേഷം കവിയൂര്‍ ക്ഷേത്രത്തില്‍ വിശ്രമിച്ച് മൂന്നാംദിനം മല്ലപ്പള്ളി ക്ഷേത്രത്തില്‍ ഉച്ചഭക്ഷണ ത്തിനുശേഷം മണിമല കാവ് ദേവീക്ഷേത്രത്തില്‍ എത്തും. 9ന് മണിമല കാവില്‍ ആഴി പൂജയ്‌ക്ക് ശേഷം 10ന് എരുമേലിയില്‍ എത്തും. 10ന് വൈകിട്ട് എരുമേലി വാവര് പള്ളിയില്‍ സമൂഹ പെരിയോന്റെ അധ്യക്ഷതയില്‍ മതസൗഹാര്‍ദ്ദ സമ്മേളനം നടക്കും. 11ന് ആണ് മതസൗഹാര്‍ദത്തിന് പേരുകേട്ട എരുമേലി പേട്ടതുള്ളല്‍.
രാവിലെ പേട്ടപണം വെക്കല്‍ ചടങ്ങോടെ പേട്ടകെട്ടിന് ആരംഭമാകും. കൊച്ചമ്പല ത്തില്‍ നിന്ന് ഇറങ്ങുന്ന പേട്ടതുള്ളല്‍ നേരെ വാവര്‍ പള്ളിയില്‍ പ്രവേശിക്കും കളഭം തളിച്ചും പുഷ്‌പവൃഷ്‌ടി നടത്തിയും പള്ളി ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ 49 ദിവസം മൂന്നുനേരവും അന്നദാനവും വിവിധ ക്ഷേത്രങ്ങളിലായി 19 ആഴിപൂജകളും നടത്തിയ ശേഷമാണ് സംഘം യാത്ര ആരംഭിച്ചത്.
സംഘം പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, സെക്രട്ടറി കെ.ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് ജിതിന്‍ രാജ്, ഖജാന്‍ജി ബിജു സാരംഗി, ജോയിന്റ് സെക്രട്ടറി വിജയ് മോഹന്‍ രഥയാത്ര ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഐക്കര എന്നിവര്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കും. കര പെരിയോന്മാരായ പി. സദാശിവന്‍ പിള്ള, കെ.ചന്തു, ആര്‍.മധു, ആര്‍.ശോഭനന്‍, ശശികുമാര്‍.സി എന്നിവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍ മ്മികത്വം വഹിക്കും.