-->
കുമളി: വൈദ്യുതിശ്‌മശാനം സ്‌ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്‌നാട് എം.പിയുടെ കാര്‍ തടഞ്ഞു. ക്ഷുഭിതനായി എം.പി. കാറില്‍ നിന്നിറങ്ങി യതോടെ വാഗ്വാദവും സംഘര്‍ഷവുമായി. കേരളാ അതിര്‍ത്തിയിലെ തമിഴ്‌നാട് തേനി ജില്ലയിലെ ചിന്നമന്നുരിനു സമീപമാണ് സംഭവം.
തേനി എം.പി. തങ്ക തമിഴ് ശെല്‍വന്റെ കാറാണ് തടഞ്ഞത്. പഞ്ചായത്ത് തോറും വൈദ്യുതി ശ്‌മശാനം നിര്‍മിക്കുന്നതിന്റെ ഭാഗമായി കുച്ചന്നൂരില്‍ രണ്ടു കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ചിന്നമന്നൂരിലെ കുച്ചന്നൂരില്‍ ഊരിന് ഉള്ളില്‍ ശ്‌മശാനം വേണമെന്നും വേണ്ടെന്നും രണ്ട് അഭിപ്രായങ്ങള്‍ വന്നതോടെ ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് രംഗത്ത് എത്തി. ബി.ജെ.പി. പ്രവര്‍ത്തകരാണ് പ്രശ്‌നവുമായി റോഡിലിറങ്ങിയതെന്ന് എം.പി. ആരോപിച്ചു. ഒടുക്കം ഊരിന് വെളിയില്‍ കുച്ചന്നൂരില്‍ നിന്ന് മുന്നു കിലോമീറ്റര്‍ മാറി ശങ്കരാപുരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ ശ്‌മശാനം നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് എം.പി. ഉറച്ചുനിന്നതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.