Sunday, March 15, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.03 AM

ദേശീയപാത തുറന്നു; തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിച്ചില്ല

അടിമാലി: കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലിക്ക്‌ സമീപം ലക്ഷംവീട്‌ നഗറിലേക്ക്‌ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന്‌ വാഹനഗതാഗതം തിരിച്ചുവിട്ട അടിമാലി മേഖലയിലെ മൂന്ന്‌ ബൈപാസ്‌ റോഡുകള്‍ തകര്‍ന്നത്‌ നന്നാക്കാന്‍ നടപടിയില്ല.
പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. ദേശീയപാതയുടെ ബൈപാസായ അടിമാലി ലൈബ്രറി റോഡ്‌, അടി മാലി-കുമളി ദേശീയപാതയില്‍ ഫയര്‍ സ്‌റ്റേഷന്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന കൂമ്പന്‍പാറ റോഡ്‌, മോര്‍ണിങ്‌ സ്‌റ്റാര്‍ - മുനിത്തണ്ട്‌ റോഡ്‌ എന്നീ മൂന്ന്‌ റോഡുകളാണ്‌ പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്‌. ദേശീയപാത തുറന്നുകൊടുത്തപ്പോള്‍ തകര്‍ന്ന ബൈപാസ്‌ റോഡുകളുടെ പുനര്‍നിര്‍മാണം നടത്താമെന്ന്‌ അന്ന്‌ കരാര്‍ കമ്പനി കലക്‌ടറുമായുള്ള ചര്‍ച്ചയ്‌ക്കിടെ ഉറപ്പുനല്‍കിയതാണ്‌. എന്നാല്‍ ഇത്‌ പാലിച്ചിട്ടില്ല. ബൈപ്പാസുകള്‍ എല്ലാം രണ്ടുവര്‍ഷം മുമ്പ്‌ പൊതുമരാമത്ത്‌ വകുപ്പും പഞ്ചായത്തും ഫണ്ട്‌ ഉപയോഗിച്ച്‌ പുനര്‍ നര്‍മിച്ചതാണ്‌. അതിനാല്‍ വീണ്ടും അടി യന്തരമായി ഫണ്ട്‌ അനുവദിക്കുവാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള ലൈബ്രറി ബൈപാസ്‌ റോഡിലൂടെയാണ്‌ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നത്‌. വലിയ വാഹനങ്ങള്‍ ധാരാളമായി കടന്നു പോയതോടെ അടിമാലി ക്ലബ്‌ മുതല്‍ ലക്ഷംവീട്‌ നഗര്‍ വരെയുള്ള ദൂരം പൂര്‍ണമായി തകര്‍ന്നു. മൂന്നാറില്‍നിന്ന്‌ വരുന്ന വലിയ വാഹനങ്ങള്‍ വരെ അടിമാലി - കുമളി ദേശീയപാതയില്‍ ഫയര്‍ സ്‌റ്റേഷന്‍ പടിയില്‍ നിന്ന്‌ ആരംഭിക്കുന്ന റോഡിലൂടെയാണ്‌ തിരിച്ചുവിട്ടിരുന്നത്‌.
ഇതുവഴി നടക്കുവാന്‍ പോലും കഴിയാത്ത അവസ്‌ഥ യിലായി. കൂമ്പന്‍പാറ മഠംപടിയിലേക്ക്‌ പ്രവേശിക്കുന്ന ഭാഗമാണ്‌ പൂര്‍ണമായും തകര്‍ന്നത്‌. ഇവിടെ കുത്തനെ കയറ്റം ആയതുമൂലം അപകടങ്ങളും പതിവായി. മോണിംഗ്‌ സ്‌റ്റാര്‍ ജങ്‌ഷനില്‍ നിന്നും ദേശീയപാതയില്‍ എത്തുന്ന മുനിത്തണ്ട്‌ റോഡിലൂടെയും ചെറു വാഹനങ്ങള്‍ കൂടുതലായി കടന്നുപോയി. ഇതുമൂലം ഈ റോഡും തകര്‍ന്നു.
ബസുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ദേശീയപാത വഴി കടന്നു പോകുന്നതിന്‌ ഇപ്പോഴും നിയന്ത്രണമുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ മൂന്ന്‌ റോഡുകളും ബി.എം. ആന്‍ഡ്‌ ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന്‌ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 07 Jan 2026 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW