-->
കുമളി: ശബരിമല സീസണ്‍ ആരംഭിച്ചിട്ടും തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പ് മുതല്‍ കുമളി വരെയുമുള്ള വാഹനങ്ങളുടെ നീണ്ടനിരയ്‌ക്ക് പരിഹാരമില്ല. ശബരിമല മണ്ഡല കാലത്ത് കുമളി ടൗണില്‍ നിന്ന് തമിഴ്‌നാട് ലോവര്‍ ക്യാമ്പ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ വാഹനങ്ങള്‍ക്കു വേണ്ടിവരുന്നത് രണ്ടു മണിക്കൂറോളമാണ്.
കൊട്ടാരക്കര -ദിന്‍ഡുക്കല്‍ ദേശീയപാത 183 ലാണ് യാത്രക്കാര്‍ക്ക് ഈ ദുരിതം. അഞ്ചു കിലോമീറ്ററിനുള്ളില്‍ അഞ്ച് കൊടുവളവുകളുമുണ്ട്.
ചരക്കു ലോറികളും സ്ലീപ്പര്‍ സീറ്റുകളുള്ള ദീര്‍ഘദൂര ബസുകളും നിയന്ത്രണമില്ലാതെ എത്തുന്നതാണ് കുമളിക്കും ലോവര്‍ ക്യാമ്പിനുമിടയില്‍ വാഹനങ്ങളെ കുരുക്കിലാകുന്നത്.
ഇതിനു പുറമേ മറ്റ് വാഹനങ്ങളെ മറികടന്ന് മുന്നിലെത്താന്‍ തിരക്കിനിടയിലേക്ക് വാഹനങ്ങളുമായി ഡ്രൈവര്‍മാര്‍ നുഴഞ്ഞുകയറുന്നതും ഗതാഗത കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്.
കൊട്ടാരക്കര ദിന്‍ഡുക്കല്‍ ദേശീയ പാതയിലാണ് രണ്ടും മൂന്നും മണിക്കൂര്‍ ഗതഗത കുരുക്കിന്റെ സ്‌ഥിതിവിശേഷമെന്നത് ദേശീയപാത അതോറിട്ടി ഗൗരവമായി കാണേണ്ടതാണ്
. ഗതാഗത കുരുക്കിനിടെ വാഹനങ്ങള്‍ ഓവര്‍ ടേക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്കും ഇടയായേക്കാം.